കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിച്ച 2019 - 20 വർഷത്തെ പദ്ധതികൾക്ക് സി.പി.എമ്മിന്റെ കൈകടത്തലിലൂടെ അംഗീകാരം നഷ്ടമായതായി ഭരണസമിതി. കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്തിന്റെ വികസനം അട്ടിമറിച്ചതിലൂടെ നിലച്ചത് പി.എച്ച്.സിയിലൂടെ വിതരണം ചെയ്യേണ്ട അത്യാവശ്യ മരുന്നുകളും അങ്കണവാടിയിലെയും ബഡ്സ് സ്കൂളിലെയും കുട്ടികൾക്കുള്ള പോഷകാഹാരങ്ങളുമാണ്. ആസൂത്രണ സമിതിക്ക് മുന്നിൽ മറ്റു പഞ്ചായത്തുകളുടെ ഒപ്പം നാവായിക്കുളത്തിന്റെ പദ്ധതിയും എത്തിയെങ്കിലും തഴയപ്പെട്ടു. സി.പി.എം ഇടപെടലാണ് ഇതിനുകാരണമെന്ന് പ്രസിഡന്റ് കെ.തമ്പി പറഞ്ഞു. എല്ലാ പഞ്ചായത്തംഗങ്ങളും ചർച്ച ചെയ്ത് അംഗീകരിച്ച പദ്ധതികൾ പിന്നീട് ഒരു വാർഡ്‌ അംഗത്തിന്റെ പരാതിയെ തുടർന്ന് തടയപ്പെടുകയായിരുന്നെന്ന് അന്വേഷണത്തിൽ മനസിലായി. എന്നാൽ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റിനോട്‌ ഇത് മുൻകൂട്ടി ബന്ധപ്പെട്ടവരാരും അറിയിച്ചിരുന്നില്ല. പരാതി എന്താണെന്നുപോലും അറിയാതിരുന്നത് പഞ്ചായത്തിന്റെ തുടർ ഭരണത്തെ ബാധിക്കുമെന്ന് ഭരണസമിതി അറിയിച്ചു.