നെയ്യാറ്റിൻകര: സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടെത്തുന്നവരെ ജീവനക്കാർ ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ പനങ്ങാട്ടുകരി വാർഡ് കൗൺസിലർ ബി. സുരേഷ്കുമാർ പ്രതിഷേധിച്ചു. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിലുള്ളവർക്കാണ് സർട്ടിഫിക്കറ്റുകൾ യഥാസമയം നൽകാത്തതെന്നും യു.ഡി.എഫിലെ ഘടക കക്ഷിയായ മാണികോൺഗ്രസ് അംഗം സുരേഷ് കുമാർ ആരോപിച്ചു. തുടർന്ന് ആർ.ഐയെ കൗൺസിൽ യോഗത്തിൽ വിളിച്ചുവരുത്തി. സുരേഷ്‌കുമാറിന്റെ വാർഡിലെ ഒരാൾ റസിഡൻസ് സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടും നൽകിയില്ലെന്നാണ് ആരോപണം. കൗൺസിലർ നേരിട്ടെത്തി റവന്യൂ ഇൻസ്പെക്ടറോട് സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് യോഗം നടക്കുമ്പോൾ കൗൺസിൽ ഹാളിൽ കിടന്ന് പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥ സർട്ടിഫിക്കറ്റ് നൽകിയതോടെയാണ് കൗൺസിലർ പ്രതിഷേധസമരം അവസാനിപ്പിച്ചത്.