ഒരു സന്ദർശകൻ. പരിചയക്കാരനല്ല. എന്തോ ഉദ്ദേശ്യത്തോടുകൂടിയ വരവാണെന്നു തോന്നി. ഞാൻ ചോദിച്ചു:
''എന്താണ് വരവിന്റെ ഉദ്ദേശ്യം?"
''സ്വാമിയെ ഒന്നു കാണണമെന്നു തോന്നി. അതുകൊണ്ടു മാത്രം വന്നതാണ്. സ്വാമി എന്തെങ്കിലും പറഞ്ഞാൽ അതു കേൾക്കാമല്ലോ എന്നും കരുതി."
ഞാനോ ഒന്നും മിണ്ടാതെ ഇരുന്നു. അല്‌പസമയം കഴിഞ്ഞ് അദ്ദേഹം പറയുന്നു,
''ഒരുദ്ദേശ്യവുമില്ലാത്ത വരവാണെന്നു പറഞ്ഞാൽ അതു കള്ളമാകും"
''എന്താണ് പ്രശ്‌നം?"
''എനിക്കു വലിയ ഭയമാണ്. എനിക്കു ഭ്രാന്തു പിടിച്ചോ എന്നുപോലും തോന്നിപ്പോകും."
''എന്തിനെയാണ് ഭയം?"
ഉത്തരമില്ല. സമയം അല്‌പം കഴിഞ്ഞുപോയി. വീണ്ടും ചോദ്യം.
''സ്വാമിക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ?"
''എനിക്കു ദൈവത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല. ദൈവത്തെയല്ലാതെ ഞാൻ മറ്റൊന്നിനെയും കാണുന്നില്ല. കണ്ടുകൊണ്ടിരിക്കുന്നതിൽ വിശ്വസിക്കേണ്ടതുണ്ടോ?"
''സകലതിലും ദൈവമുണ്ടെന്നു കാണുന്നു അല്ലേ?"
''അല്ല. സകലതും ദൈവം തന്നെയാണെന്നു കാണുന്നു."
''സുഖത്തെയും ദുഃഖത്തെയും സ്വാമി എങ്ങനെ കാണുന്നു?"
''രണ്ടും ദൈവപ്രസാദമെന്നു കരുതി രണ്ടിനെയും തുല്യമായി കാണുന്നു."
''അങ്ങനെ കാണാൻ സാധിക്കുമോ?"
''അതെനിക്കറിഞ്ഞുകൂടാ. എനിക്കു സാധിക്കുന്നുണ്ട് എന്നു മാത്രം അറിയാം."
വീണ്ടും മൗനം.
''ഞങ്ങൾ ഒരു ഗ്രന്ഥശാല നടത്തുന്നുണ്ട്. അവിടുത്തേക്ക് ഗുരുകുലം മാസിക വരുത്തണമെന്നു കരുതുന്നു. അവിടെ മതസംബന്ധിയായ ഒന്നും വരുത്തരുതെന്നാണ് തീരുമാനം. 'ഗുരുകുലം" മതസംബന്ധിയല്ലല്ലോ."
വീണ്ടും മൗനം.
''ഞാനൊരു മാർക്സിസ്റ്റ് അനുഭാവിയാണ്. മാർക്സിസത്തെപ്പറ്റി സ്വാമി എന്തു പറയുന്നു? അതൊരു പൂർണമായ തത്ത്വശാസ്ത്രമല്ലേ?"
''അല്ല. അത് വെറും ഭാഗികമാണ്. കാരണം, മനുഷ്യബന്ധങ്ങളെയെല്ലാം മുതലാളി - തൊഴിലാളിബന്ധമായി കാണുകയാണ് അതിൽ ചെയ്യുന്നത്. ഈ ബന്ധം ജീവിതത്തിലെ തൊഴിൽരംഗത്തു മാത്രമാണ് പ്രസക്തമായി വരുന്നത്. കുടുംബബന്ധം അങ്ങനെയുള്ളതാണോ? ജീവിതത്തിൽ ഏതെല്ലാം തരത്തിലുള്ള രംഗങ്ങളാണുള്ളത്! അതിനെയെല്ലാം ഈയൊരൊറ്റ കണ്ണുവച്ചു നോക്കുന്നു. അതുകൊണ്ടാണ് അതു ഭാഗികമായത്."
''തൊഴിലാളിവർഗസർവാധിപത്യം എന്നതൊരു തെറ്റല്ലേ? ആധിപത്യം തന്നെ തെറ്റല്ലേ?"
''ആരുടെയെങ്കിലും ആധിപത്യം ഇല്ലാത്ത ഏതെങ്കിലും രംഗമുണ്ടോ? നിങ്ങളുടെ കുടുംബത്തിൽ നിങ്ങൾ അധിപതിയല്ലേ? തൊഴിലാളിവർഗത്തിന്റെ ആധിപത്യത്തിനുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പാർട്ടികൾക്കു പോലുമില്ലേ സർവാധിപത്യസ്വഭാവമുള്ള അധിപതികൾ? മനുഷ്യനു സഹജമാണ് നേതൃത്വവാസന. ആ പാടവം ഏറിയും കുറഞ്ഞും ഇരിക്കുമെന്നുമാത്രം. പാടവമുള്ളവർ സ്വാഭാവികമായും അധിപതിമാരാകും. കുറവുള്ളവർ അണികളിൽ സ്ഥാനം പിടിക്കും. അത്രമാത്രം. ദൈവം സർവവുമാണ്. സർവാധിപതിയുമാണ്."