കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് വീണാ നന്ദകുമാർ. 2019 അവസാനം ചെറിയ ബഡ്ജറ്റിലെത്തി വലിയ വിജയം നേടിയ ആസിഫ് അലി നായകനായ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ചില അഭിമുഖങ്ങളിൽ, വീണ തന്റെ നിലപാടുകൾ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രണയത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയിരിക്കുകയാണ് വീണ.
താൻ നല്ലൊരു പ്രണയിനിയാണെന്നും ഇക്കാര്യം തന്റെ കാമുകന്മാർ പറഞ്ഞിട്ടുള്ളതുമാണെന്നാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ. "ബ്രേക്കപ്പായ പ്രണയങ്ങൾ പാഠങ്ങളൊന്നും നൽകിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങൾ തന്നെയാണ്"- വീണ വ്യക്തമാക്കുന്നു. എല്ലാം നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ജീവിത്തിൽ മോശം അനുഭവങ്ങൾ നേരിട്ടില്ലായിരുന്നെങ്കിൽ ഇന്നൊരു നടിയായി മാറില്ലായിരുന്നുവെന്നും ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. നിരവധി ചിത്രങ്ങളാണ് വീണയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. കടംങ്കഥയായിരുന്നു വീണയുടെ ആദ്യ ചിത്രം.
"പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ. ജീവിതത്തിൽ എനിക്കും ചില പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ ബ്രേക്കപ്പുകളും. ഒരു പ്രണയത്തെ കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ആ സമയത്ത് അത് ഞാൻ ആസ്വദിച്ചിട്ടുണ്ട്. നിലവിൽ ഞാൻ എന്നെ തന്നെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം ചുറ്റുമുള്ള ആൾക്കാരെയും പ്രണയിക്കുന്നു."
- വീണ നന്ദകുമാർ