ബീജിംഗ്: കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ചൈന പതിനട്ടെടവും പയറ്റുകയാണ്. അതിനായി നൂതന പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിൽ ഏറ്റവും പുതിയതാണ് ആളില്ലാത്ത പലചരക്ക് കട! ആവശ്യക്കാർക്ക് കടയിലെത്തി ഇഷ്ടപ്പെട്ട സാധനങ്ങൾ എടുത്തശേഷം ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് പണമടച്ച് സാധനവുമായി പോകാം.
വുഹാനിൽ കൊറോണ രോഗികൾക്കുവേണ്ടി സ്ഥാപിച്ച പുതിയ ആശുപത്രിയിലാണ് ആളില്ലാത്ത പലചരക്ക് കട ആദ്യമായി സ്ഥാപിച്ചത്. ഇത് വിജയമെന്ന് കണ്ടതോടെ വുഹാനിലെ മറ്റുചില സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. അലിബാബയുടെ താവോക്സിയാണ്ട നിർമ്മിച്ച കാഷ്യർ സംവിധാനം വഴിയാണ് ആളില്ലാ കടകൾ പ്രവർത്തിക്കുന്നത്. പലചരക്ക് സാധനങ്ങളും പഴങ്ങളുമാണ് ഇവിടെനിന്ന് വാങ്ങാൻ കഴിയുക. ആൾക്കാരുമായി ഇടപഴകുന്നത് കുറയ്ക്കുന്നതിലൂടെ രോഗം പടരുന്നത് ഒരുപരിധിവരെ കുറയ്ക്കാനാവും.
ഈ സംവിധാനം വഴി സാധനങ്ങൾ വാങ്ങി പണം കൈമാറുമ്പോൾ പേപ്പർ രസീതുകൾ നൽകുന്നില്ല. ഇതിനാൽ മെഷീനിൽ പുതിയ പേപ്പർ റോളുകളിൽ ഇടാനായി പോലും ആളിനെ ആവശ്യമില്ല. കടയിൽ സാധനങ്ങൾ തീരുന്ന സമയത്ത് എത്തിക്കാൻ മാത്രം മതി ആൾക്കാരുടെ സേവനം. ഏതൊക്കെ സാധനങ്ങൾ തീർന്നു എന്ന് ബന്ധപ്പെട്ടവർക്ക് അപ്പപ്പോൾ അറിയാനുള്ള സംവിധാനവും ഏർപ്പെടുത്തിട്ടുണ്ട്. ചൈനയിൽ കൊറോണ വൈറസ് ബാധ ശമനമില്ലാതെ തുടരുന്നതിനാൽ ആളില്ലാ കടകൾ പോലുള്ള, ഉപഭോക്താക്കളുമായി നേരിട്ട് ബന്ധമില്ലാത്ത സേവനങ്ങൾ വ്യാപിപ്പിക്കാൻ കൂടുതൽ കമ്പനികൾ തയ്യാറായിട്ടുണ്ട്. ഭക്ഷണവിതരണ കമ്പനികളാണ് ഇതിൽ മുഖ്യം. ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്താൽ പറഞ്ഞ സമയത്ത് ഡെലിവറി ബോയി ലോക്കറുകളിലോ നിശ്ചിത പ്രദേശങ്ങളിലോ പാഴ്സൽ വച്ച് മടങ്ങും. പിന്നീട് ഉപഭോക്താവ് എടുത്തുകൊണ്ടുവരികയാണ് ചെയ്യുന്നത്.
ഡോക്ടർമാരും നഴ്സുമാരും രോഗികളുമായി നേരിട്ട് ഇടപെടുന്നത് പരമാവധി കുറയ്ക്കാനായി രോഗികൾക്ക് മരുന്ന് എത്തിക്കാൻ ചൈനയിലെ പല ആശുപത്രികളും ഇതിനോടകം റോബോട്ടുകളെ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഭക്ഷണം എത്തിക്കാൻ ഹോട്ടലുകൾ റോബോട്ടുകളെ വിന്യസിക്കുന്നുണ്ട്. ക്ളീനിംഗ് ഉൾപ്പെടെയുള്ള കൂടുതൽ മേഖലകളിലേക്ക് റോബോട്ടുകളെ നിയോഗിക്കാനും പദ്ധതിയുണ്ട്. അതേസമയം റോബോട്ടുകളെ ആശുപത്രികളുൾപ്പെടെ കൂടുതൽ മേഖലകളിലേക്ക് ഉപയോഗിക്കുന്നത് തങ്ങളുടെ ജോലിസാദ്ധ്യതയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ചൈനക്കാർ.
അമേരിക്ക, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ ആളില്ലാ കടകൾ നേരത്തെതന്നെയുണ്ട്. ഇരുപത്തിനാലുമണിക്കൂറും തുറന്നിരിക്കുന്ന കടകളാണ് ഇവയെങ്കിലും ചില പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇതിന്റെ സേവനം ലഭിക്കുന്നത്. കടയ്ക്കുള്ളിൽ ഉപഭോക്താവിനെ നിരീക്ഷിക്കാൻ പ്രത്യേക സ്കാനിംഗ് സംവിധാനമുണ്ട്. വാങ്ങുന്ന സാധനത്തിന്റെ ബിൽ അടയ്ക്കേണ്ടത് മാസംതോറുമാണ്.