മുടപുരം: തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ദുരന്തനിവാരണ പദ്ധതി രേഖ തയ്യാറാക്കുന്ന പ്രവർത്തനങ്ങളിലേക്ക് കടന്നതായി ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർ സുബാഷ് ചന്ദ്രൻ അറിയിച്ചു. ഇതിനായി പ്രാദേശിക തലത്തിൽ വിവരശേഖരണം, പഠനം , പര്യടനം, വിവിധ വിഭാഗങ്ങളുമായുള്ള അഭിമുഖങ്ങൾ എന്നിവ നടത്തി പ്രാദേശിക ദുരന്ത സാദ്ധ്യതകൾ മനസിലാക്കി പട്ടികപ്പെടുത്തി ദുരന്തനിവാരണ പദ്ധതി രേഖകൾ തയ്യാറാക്കുന്നതിനായി വിദഗ്ദ്ധരെ ഉൾപ്പെടുത്തി ലോക്കൽ റിസോർഴ്സ് ഗ്രൂപ്പുകൾ വാർഡ്തലം വരെ രൂപീകരിച്ചിട്ടുണ്ട്.
ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും ദുരന്തത്തിന്റെ ആഘാതം പരമാവധി ലഘൂകരിക്കുന്നതിനുമുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ, ദുരന്തങ്ങൾ നേരിടുന്നതിനായി പ്രാദേശികമായി ലഭ്യമാക്കാവുന്ന മനുഷ്യവിഭവങ്ങൾ, ആസ്തികൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ലഭ്യത, സഹായ സംവിധാനങ്ങൾ ഇവയൊക്കെ പ്രതിപാദിക്കുന്നതും ദുരന്ത ഘട്ടത്തിൻ അടിയന്തര ഇടപെടലുകൾക്ക് ഏറെ പ്രയോജനപ്പെടുന്നതുമായ ഏഴ് അദ്ധ്യായങ്ങളടങ്ങിയ ഒരു സമഗ്ര പ്രവർത്തന രേഖയാണ് ദുരന്തനിവാരണ പദ്ധതി. 2020 ഫെബ്രുവരി അവസാനത്തോടെ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കും.