fire

തിരുവനന്തപുരം: കരയിലായാലും വെള്ളത്തിലായാലും ദുരന്തമുഖത്ത് പകച്ചുനിൽക്കാതെ കർമ്മോത്സുകരാകാൻ സംസ്ഥാന ഫയർഫോഴ്സിന് നല്ല ഒന്നാന്തരം റെസ്ക്യൂവാഹനങ്ങളെത്തും. വിദേശ രാജ്യങ്ങളിലേതുപോലെ അത്യാധുനിക രക്ഷാ ഉപകരണങ്ങൾ ഉള്ളതാണ് വാഹനത്തിന്റെ പ്രത്യേകത. വാഹനാപകടങ്ങളിലും കെട്ടിട അവശിഷ്ടങ്ങൾക്കിടയിലും പാറക്കയങ്ങൾ പോലെ അപകടങ്ങൾ പതിയിരിക്കുന്ന ജലാശയങ്ങളിലുമെല്ലാം സുരക്ഷിതമായി രക്ഷാപ്രവർത്തനം നടത്താൻ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഒരു വാഹനത്തിൽ തന്നെ ക്രമീകരിക്കാമെന്നതാണ് ഇതിന്റെ നേട്ടം.

പതിനാല് ജില്ലകൾക്കായി 20 വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ ലഭ്യമാകുക. ഉപകരണങ്ങൾ സഹിതം ഒരു വാഹനത്തിന് 81.25 ലക്ഷം രൂപയാണ് വില. 20 വാഹനങ്ങൾക്കായി 16.25 കോടി രൂപയാണ് സർക്കാർ ചെലവാക്കുന്നത്. ജലാശയങ്ങളിലും മറ്റും ആളുകൾ അപകടത്തിൽപ്പെട്ടാൽ ഡിങ്കി വള്ളവുമായി സ്കൂബാ ടീം പ്രത്യേക വാഹനത്തിൽ പോയാണ് തെരച്ചിൽ നടത്തിയിരുന്നത്. പുതിയ വാഹനം വരുന്നതോടെ ഡിങ്കിവള്ളവും ബ്രീത്തിംഗ് അപ്പാരറ്റസും സ്കൂബാ ഡൈവിംഗ് സ്യൂട്ടുമെല്ലാം ഇതെല്ലാം ഒരുവാഹനത്തിൽ തന്നെ കൊണ്ടുപോകാമെന്നതാണ് നേട്ടം.

പ്രത്യേകതകൾ

 ഹൈഡ്രോളിക് റെസ്ക്യൂ ടൂൾ സെറ്റ് (അപകടങ്ങളിലും മറ്റും ഇടിച്ചുകൊരുത്ത വാഹനത്തിന്റെയും തകർന്നുവീണ കെട്ടിടത്തിന്റെ കോൺക്രീറ്ര് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മറ്റും രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ)

 സ്കൂബാ ഡൈവിംഗ് സ്യൂട്ട്

 ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച റബ്ബ‌ർ ഡിങ്കി

 ബ്രീത്തിംഗ് അപ്പാരറ്റസ് -2

 ചെയിൻസോ-3 എണ്ണം

 ഡിമോളിഷിംഗ് ഹാമർ

 കോൺക്രീറ്റ് കട്ടർ-1

 ന്യൂമാറ്റിക് ലിഫ്റ്റ് ബാഗ് (ഹൈഡ്രോളിക് ജാക്കിക്ക് പകരം അതിലും ഫലപ്രദമായി ഏത് ദുർഘട സാഹചര്യത്തിലും ഉപയോഗിക്കാവുന്ന സംവിധാനം. ഗ്യാസ് ടാങ്കർ പോലുള്ള വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ സുരക്ഷിതമായി വാഹനം ഉയർത്താൻ ഇത് ഉപകരിക്കും )

 പോർട്ടബിൾ എൽ.ഇ.ഡി സെർച്ച് ലൈറ്റ്

 മൾട്ടി ഗ്യാസ് ഡിറ്റക്ടർ