p

കടയ്ക്കാവൂർ: കടയ്ക്കാവൂർ അഞ്ചുതെങ്ങ് പഞ്ചായത്തുകളിൽ തെരുവ് നായ്ക്കൾ വിലസുന്നു. ജനങ്ങളുടെ സൈര്യജിവിതത്തിന് ഭീഷണി പരത്തികൊണ്ട് തെരുവ് നായ്ക്കൾ വിലസിയിട്ടും അധികൃതർക്ക് അനക്കമില്ല.

പലപ്പോഴും ആഹാരം കിട്ടാനില്ലാതെ വരുമ്പോൾ മനുഷ്യരെ പോലും ആക്രമിക്കാൻ മുതിർന്ന സംഭവങ്ങളുമുണ്ട് . അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കൾ പലപ്പോഴും ഇരുചക്രവാഹന യാത്രക്കാരുടെ വാഹനത്തിൽ തട്ടി യാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചൂടുകാലം വർദ്ധിച്ചു വരുന്നതോടെ തെരുവ് നായ്ക്കൾക്ക് പേ വിഷബാധയുണ്ടാകുമെന്നുള്ള ഭീതിയും കൂടി വരുന്നുണ്ട്. അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, നിലയ്ക്കാമുക്ക്, കീഴാറ്റിങ്ങൽ എന്നിവിടങ്ങളിലെ ചന്തകളിൽ തെരുവ് നായ്ക്കൾ കുഞ്ഞുങ്ങളുമായി വിലസുന്നത് പതിവ് കാഴ്ചയാണ്. ഇതിൽ പല നായ്ക്കൾക്കും ശരീരഭാഗങ്ങളിൽ മുറിവുകൾ വന്ന് അസഹ്യമായ ദുർഗന്ധവും പുഴു അരിക്കുന്ന നിലയിലുമാണ്. ഇവ പലപ്പോഴും വീടിന്റെ പരിസരങ്ങളിൽ വന്ന് വീട്ടുകാർ കൈകാര്യം ചെയ്യുന്ന സാധനങ്ങളിലും മറ്റും സ്പർശിക്കുന്നത് മനുഷ്യർക്കും രോഗങ്ങൾ വരാൻ സാദ്ധ്യതയുള്ളതായി നാട്ടുകാർ ഭയക്കുന്നു.

നായ്ക്കൾ പെറ്റു പെരുകാതിരിക്കാൻ വന്ധീകരണം വേണമെന്നുള്ള ജനങ്ങളുടെ വർഷങ്ങളായുള്ള നിവേദനം പരിഹരിക്കാൻ അധികൃതർ ഒരു ശ്രദ്ധയും കാണിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.