surendrana

മുടപുരം : വരുന്ന സാമ്പത്തിക വർഷത്തിൽ 25,000 തെങ്ങിൻ തൈകൾ കൂടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളിലുമായി നട്ടുപിടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് പ്രറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ജൈവഗ്രാമം സന്തുഷ്ട ഗ്രാമം പദ്ധതി പ്രകാരം വാഴ, കിഴങ്ങുവർഗങ്ങൾ എന്നീ നടീൽ വസ്തുക്കൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം.കെ.വൈ പദ്ധതി പ്രകാരം പതിനായിരം തെങ്ങിൻ തൈകളും തൊഴിലുറപ്പ് പദ്ധതി പ്രകാരം പതിമൂവായിരത്തി അഞ്ഞൂറ് തെങ്ങിൻ തൈകളും വിതരണം ചെയ്തു നട്ടുപിടിപ്പിച്ചു .മാർച്ചിന് മുൻപ് പതിനാലായിരം തെങ്ങിൻ തൈകൾ കൂടി വിതരണം ചെയ്യും. ആഗസ്റ്റിനു മുൻപായി വീണ്ടും ഇരുപത്തയ്യായിരം തെങ്ങിൻ തൈകൾ കൂടി നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപമായിട്ടുണ്ട്. വിഷമില്ലാത്ത പച്ചക്കറി ഉത്പാദനത്തിനായി 2 ലക്ഷം പച്ചക്കറിവിത്തുകൾ വിതരണം നടത്തി. മാർച്ചിനു മുൻപ് ഒരു ലക്ഷം വിത്തുകൾ കൂടി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായിഅമ്മ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി: ഡയറക്ടർ എ.നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി.സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ ,മഞ്ചു പ്രദീപ്, ഗീതാ സുരേഷ്, സിന്ധുകുമാരി, കൃഷി ഒാഫീസർ അജിത,അഗ്രോ സർവീസ് സെന്റർ സെക്രട്ടറി ജി.സുന്ദരേശൻ, ആർ.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു. അഡ്വ.ഫിറോസ് ലാൽ സ്വാഗതവും കൃഷി ഒാഫീസർ ലക്ഷ്മി മുരുകൻ നന്ദിയും പറഞ്ഞു.