പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ യു.ഡി.എഫ് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാൻ വിജിലൻസ് വകുപ്പിന് സംസ്ഥാന ഗവർണർ ഒടുവിൽ അനുമതി നൽകിയിരിക്കുകയാണ്. മേൽപ്പാലം നിർമാണം ഏറ്റെടുത്ത കമ്പനിക്ക് കരാറിന് വിരുദ്ധമായി മന്ത്രിയെന്ന നിലയിൽ ഇബ്രാഹിംകുഞ്ഞ് എട്ടേകാൽ കോടിരൂപ അനുവദിച്ചതിന്റെ പേരിലാണ് കേസ്. കരാറിൽ പണം അഡ്വാൻസ് നൽകാൻ വ്യവസ്ഥയില്ലായിരുന്നു. അഡ്വാൻസായി എട്ടേകാൽ കോടിരൂപ നൽകിയെന്നു മാത്രമല്ല അതിന് പലിശയും ഇൗടാക്കിയില്ല.
ഇതിലൂടെ ഇബ്രാഹിംകുഞ്ഞ് കോഴ വാങ്ങാൻ വഴി ഒരുക്കുകയായിരുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മരാമത്തുവകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് എം.ഡി സുമിത് ഗോയൽ, മേൽനോട്ട ചുമതല ഏറ്റെടുത്ത കിറ്റ്കോയുടെ മുൻ എം.ഡി ബെന്നിപോൾ, സംസ്ഥാന ഉടമയിലുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവർ അറസ്റ്റിലായിരുന്നു. പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള സംരക്ഷണം മുതലാക്കി ഇബ്രാഹിംകുഞ്ഞ് വിജിലൻസ് വലയിൽ കുടുങ്ങാതെ കഴിയുകയായിരുന്നു. ഒൗദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുപ്രവർത്തകർക്കെതിരെ കേസെടുക്കാൻ സർക്കാരിന്റെ അനുമതി ആവശ്യമാണെന്ന വ്യവസ്ഥ ഉള്ളതാണ് ഇതുപോലുള്ള അഴിമതി കേസുകളിൽനിന്ന് പലരെയും രക്ഷിച്ചുനിറുത്തുന്നത്. ഇബ്രാഹിംകുഞ്ഞിന്റെ കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ശക്തമായ തെളിവുകൾ ശേഖരിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങൾ വച്ചുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ തൊടാതെ നിന്നത്. ഏതായാലും പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെ കേസെടുത്തു മുന്നോട്ടുപോകാൻ സർക്കാർ തുടർനടപടി സ്വീകരിച്ചുകഴിഞ്ഞു. ബുധനാഴ്ച രാത്രിതന്നെ ആഭ്യന്തര വകുപ്പ് ഇതിനാവശ്യമായ ഉത്തരവും ഇറക്കി.
മരാമത്തുവകുപ്പിന്റെ നിർമാണ പ്രവൃത്തികൾക്ക് പിന്നിൽ നടക്കുന്ന അഴിമതി രഹസ്യമൊന്നുമല്ല. പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലും പണം പലരുടെയും പോക്കറ്റുകളിൽ എത്തിയിട്ടുണ്ടാകും. ഇന്നത്തെ കാലത്ത് ഇതിലൊന്നും വലിയ പാപം കാണുന്നവരും കുറവായിരിക്കും. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം എത്തുംമുമ്പേ പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ഗുരുതരമായ പിഴവുകാരണം അപകടാവസ്ഥയിലെത്തിയതാണ് പ്രശ്നമായത്. ഗതാഗതം അസാദ്ധ്യമാക്കുന്ന തരത്തിൽ പാലത്തിൽ വിള്ളലുകളുണ്ടാവുകയും ഉപരിതലം പാടേ ഇളകിമാറുകയും ചെയ്തു. ഉപയോഗിച്ച നിർമാണ സാമഗ്രികൾ വേണ്ടത്ര നിലവാരമുള്ളവയായിരുന്നില്ല. നിബന്ധനയനുസരിച്ചായിരുന്നില്ല കമ്പിയുടെയും കോൺക്രീറ്റിന്റെയും അനുപാതം. ഗർഡറുകൾ സ്ഥാപിച്ചതിലും അതീവ ഗുരുതരമായ പിഴവുകൾ സംഭവിച്ചു. പാലം തുറന്ന് രണ്ടുവർഷമെത്തിയപ്പോൾത്തന്നെ പാലം അപകടത്തിലാകണമെങ്കിൽ എത്ര അശ്രദ്ധമായും ലാഘവത്തോടെയുമായിരിക്കും നിർമാണം നടന്നിരിക്കുക.
അധികാരം ദുർവിനിയോഗം ചെയ്തുകൊണ്ട് പൊതുമുതൽ അടിച്ചുമാറ്റുന്നവരെ പിടികൂടാനും ശിക്ഷിക്കാനും നിയമമുണ്ട്. എന്നാൽ അതിനുള്ള വഴിയാണ് ഏറെ ദുർഘടവും ഏറെ കാലതാമസം നേരിടുന്നതും. അഴിമതിക്കാർക്ക് എപ്പോഴും രക്ഷാകവചം ഒരുക്കുന്ന വിധത്തിലാണ് അഴിമതി വിരുദ്ധ നിയമത്തിലെ വ്യവസ്ഥകളിൽ പലതും. പാലാരിവട്ടം കേസിൽത്തന്നെ നിയമവിരുദ്ധമായി കരാറുകാർക്ക് പണം കൊടുക്കാൻ ഉത്തരവിട്ട മന്ത്രിക്കെതിരെ കേസെടുത്ത് മുന്നോട്ടുപോകാൻ വിജിലൻസ് വകുപ്പ് എത്രയോ മാസമായി ശ്രമം നടത്തുകയാണ്. എത്രയെത്ര കടമ്പകളാണ് നേരിട്ടത്.
നിയമം ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള മുൻകരുതലായി ഇതിനെ കരുതാമെങ്കിലും അഴിമതി വിഷയത്തിൽ നടപടികൾ ഇത്തരത്തിൽ അനിശ്ചിതമായി നീണ്ടുപോകുന്നത് പരോക്ഷമായി അഴിമതിയെ ന്യായീകരിക്കുന്നത് പോലെതന്നെയാണ്. ഇത്തരം നിയമങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം പാടേ നഷ്ടമാകാൻ കാരണവും അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്നതിലുണ്ടാകുന്ന അസാധാരണമായ കാലതാമസമാണ്. സ്വയം സംസാരിക്കുന്ന തെളിവുകൾ ഏറെ ഉണ്ടെങ്കിൽ പോലും അഴിമതിക്കാരനായ ഒരു മന്ത്രിയെയോ മുൻ മന്ത്രിയെയോ ഇരുമ്പഴിക്കുള്ളിലെത്തിക്കുക ഏറെ ദുഷ്കരം തന്നെയാണ്. സൂചിക്കുഴയിൽകൂടി ഒട്ടകത്തെ കടത്തുന്നതിന് തുല്യമായ മഹാസാഹസികമായ ഒരു പ്രവൃത്തിയാണത്. കേരളത്തിൽ മാത്രമല്ല രാജ്യത്താകമാനം അതാണ് അവസ്ഥ. അഴിമതി കേസുകളിൽ പെടുന്നവർക്കുള്ള രാഷ്ട്രീയ സ്വാധീനവും ധനസമ്പത്തുമെല്ലാം എപ്പോഴും കേസിനെ ദുർബലപ്പെടുത്തുന്ന ഘടകങ്ങളാണ്. ഐക്യമുന്നണി രാഷ്ട്രീയം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥിതി പറയാനുമില്ല. അധികാരത്തിലുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തിനനുസരിച്ചാണ് അഴിമതി കേസുകളുടെ നടത്തിപ്പും പുരോഗതിയും. നിലവിലോ ഭാവിയിലോ ഉണ്ടാകാവുന്ന രാഷ്ട്രീയലാഭം നോക്കിയാൽ അഴിമതിക്കേസുകൾ വന്നപോലെതന്നെ തുമ്പില്ലാതെ പോവുകയും ചെയ്യും.
ഏതായാലും നിയമങ്ങൾ കാറ്റിൽ പറത്തി അഴിമതിക്കിറങ്ങുന്ന പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥ പ്രമാണിമാർക്കും പാലാരിവട്ടം മേൽപ്പാലം എന്നും ഒാർമ്മിക്കാനുതകുന്ന ഒരു സന്ദേശം നൽകുമെന്നു തീർച്ച. പിടിക്കപ്പെടുകയില്ലെന്ന വിചാരത്തിൽ ചെയ്തുകൂട്ടുന്ന അഴിമതിയിൽ ഒരെണ്ണമെങ്കിലും ചില കാലങ്ങളിൽ പിടിക്കപ്പെടാം. പാലാരിവട്ടം കേസിൽ അഴിമതി കാണിച്ചവരും അതിന് കൂട്ടുനിന്നവരുമൊക്കെ മാതൃകാപരമായി ശിക്ഷിക്കപ്പെടുമ്പോഴാണ് അഴിമതിക്കെതിരായ സർക്കാരിന്റെ നിലപാട് ജനമദ്ധ്യത്തിൽ അർത്ഥപൂർണമാകുന്നത്. മന്ത്രിയും കരാറുകാരും ഉദ്യോഗസ്ഥരുമെല്ലാം ചേർന്ന് ഒരു പരുവമാക്കിയ പാലാരിവട്ടം മേൽപ്പാലം ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണെന്ന് മറന്നുകൂടാ.