general

ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നരുവാമൂട് പൊലീസിന്റെ നേതൃത്വത്തിൽ പൂർണതോതിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ബാലരാമപുരം - തിരുവനന്തപുരം ദേശീയപാതയിൽ ഒന്നരമാസത്തോളം ഗതാഗതക്രമീകരണം വേണമെന്ന നിർമ്മാണ കമ്പനിയായ യു.എൽ.സി.സി.എസിന്റെ നിർദ്ദേശത്തെ തുടർന്നാണ് കളക്ടറുടെ അനുമതിയോടെ പൊലീസ് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത്. കഴിഞ്ഞമാസം ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇടറോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ ദേശീയപാത വഴി വാഹനങ്ങൾ കടത്തിവിട്ടിരുന്നു. ഇത് നിർമ്മാണപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഇപ്പോൾ പൂർണതോതിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ട്രയൽ ക്രമീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നെങ്കിലും ഇടറോഡുകളിലെ ഗതാഗതക്കുരുക്ക് വെല്ലുവിളിയായിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിൽ പൊലീസ്,​ ഹോംഗാർഡ് എന്നിവരുടെ സഹായത്താലാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. പള്ളിച്ചൽ പാരൂർക്കുഴിയിൽ തോടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് പാറ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് റോഡ് നിർമ്മാണപ്രവർത്തനങ്ങളുടെ വേഗത കുറഞ്ഞിരുന്നു. പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെ റോ‌ഡിന്റെ ഒരു ഭാഗം വഴി വാഹനം കടത്തിവിടാൻ യു.എൽ.സി.സി.എസ് പദ്ധതിയിട്ടിരുന്നെങ്കിലും പാറസാന്നിദ്ധ്യം കണ്ടത് തിരിച്ചടിയായി. ഇവിടെ പാറ പൊട്ടിച്ച് മാറ്റുന്ന പണികൾ നടക്കുകയാണ്. തുടർന്നാണ് ഇതുവഴി ഗതാഗതനിയന്ത്രണമേർപ്പെടുത്തിയത്. ബാലരാമപുരം മുതൽ വെടിവെച്ചാൻകോവിൽ വരെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്നും ഉയരുന്ന പൊടി വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. വെടിവെച്ചാൻകോവിൽ - പുന്നമൂട് റോഡിലെ വീതിക്കുറവ് കാരണം തിരക്കേറിയ സമയങ്ങളിൽ മണിക്കൂറുകളോളം ഇവിടെ ഗതാഗതം തടസപ്പെടുകയാണ്. കൂടുതൽ പൊലീസിനെയും ഹോംഗാർഡിനെയും ഡ്യൂട്ടിക്ക് നിയോഗിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

നിയന്ത്രണം ഇങ്ങനെ

പ്രാവച്ചമ്പലം ഭാഗത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് വരുന്ന വാഹനങ്ങൾ അരിക്കടമുക്ക്,​ നരുവാമൂട്,​ മുക്കമ്പാലമൂട്,​ എരുത്താവൂർ,​ചാനൽപ്പാലം,​ റസൽപ്പുരം വഴി നെയ്യാറ്റിൻകരയിലേക്കും,​ ബാലരാമപുരത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ളവ വെടിവെച്ചാൻകോവിൽ,​ പുന്നമൂട്,​ പള്ളിച്ചൽ വഴിയും പോകണം.