തിരുവനന്തപുരം: ആലുവ പൈപ്പ്ലൈൻ റോഡിന്റെ പുനർനിർമ്മാണത്തിന് ജല അതോറിട്ടി എൻ.ഒ.സി നൽകുമെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. ആലുവ ജലശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി കോർപ്പറേഷനിലേക്കും അനുബന്ധ പഞ്ചായത്തുകളിലേക്കും കുടിവെള്ളവിതരണം നടത്തുന്ന പമ്പിംഗ് മെയിൻ പൈപ്പ് വിന്യസിച്ചിട്ടുള്ള 20 കി.മീറ്ററോളം ദൈർഘ്യമുള്ള ജല അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലമാണ് ആലുവ പൈപ്പ് ലൈൻ റോഡ്. ഈ റോഡ് ജല അതോറിറ്റിയുടെ പരിശോധനകൾക്ക് മാത്രമായി നിർമ്മിച്ചിട്ടുള്ളതാണ്. പൈപ്പുലൈനുകൾ പല സ്ഥലങ്ങളിലും തറനിരപ്പിലായതിനാൽ ഭാരവണ്ടികൾ ഇതിന് മുകളിലൂടെ കയറുന്നത് പൈപ്പുലൈനുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. പൈപ്പുലൈനുകളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്റോഡ് ഗതാഗത യോഗ്യമാക്കുന്നതിൽ ജല അതോറിറ്റിക്ക് എതിർപ്പില്ല. ഇത്തരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിബന്ധനകൾക്ക് വിധേയമായി മാത്രമേ വാഹനഗതാഗതം അനുവദിക്കുവാനാകൂ. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പൈപ്പുകളുടെ പൂർണസുരക്ഷ ഉറപ്പാക്കിയാണ് പൈപ്പുലൈൻ റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതെന്നും അൻവർ സാദത്തിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.
ജല അതോറിട്ടി എൻ.ഒ.സി നൽകും
ദൂരം 20 കിലോമീറ്റർ
നിബന്ധനകൾക്ക് വിധേയമായി മാത്രംഗതാഗതം