assembly

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കേസുള്ളതിനാൽ കെ.എം. ഷാജിക്ക് വോട്ടവകാശമുള്ള അടിയന്തര പ്രമേയം അവതരിപ്പിക്കാനാകില്ലെന്ന മന്ത്രി എ.കെ. ബാലന്റെ ക്രമപ്രശ്നം നിയമസഭയിൽ ഭരണ - പ്രതിപക്ഷ ബഹളത്തിന് കാരണമായി. എൻ.പി.ആറുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാരിന് സഹായകരമാകുന്ന സെൻസസ് നിറുത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കെ.എം. ഷാജി ഇന്നലെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെയാണ് പ്രശ്നം തുടങ്ങിയത്.

പ്രതിപക്ഷത്തു നിന്ന് വി.ഡി. സതീശനും കെ.സി. ജോസഫും എ.കെ. ബാലനെതിരെ പ്രതിഷേധിച്ചു. എ.കെ. ബാലനെതിരായ കെ.സി. ജോസഫിന്റെ പരാമർശവും കെ.എം. ഷാജിക്കെതിരായ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പരാമർശവും ബഹളത്തിന് വഴിവച്ചു. ദൗർഭാഗ്യകരമായ സമീപനമാണെന്നും നിയമമന്ത്രി കൂടിയായ ബാലൻ കോളേജിൽ പോയെങ്കിലും ക്ലാസിൽ കയറാത്തതുകൊണ്ടാണ് ഈ പാഠങ്ങൾ പഠിക്കാത്തതെന്നും കെ.സി. ജോസഫ് പരിഹസിച്ചു. സുപ്രീംകോടതി വിധിയെ മന്ത്രി വളച്ചൊടിച്ചെന്നും സഭാംഗത്തെ അപമാനിച്ചെന്നുമായിരുന്നു വി.ഡി. സതീശന്റെ ആരോപണം. പിന്നാലെ രമേശ് ചെന്നിത്തല കൂടി എത്തിയതോടെ ഭരണപക്ഷത്ത് നിന്ന് എസ്. ശർമ്മയും സുരേഷ് കുറുപ്പും മന്ത്രി ഇ.പി. ജയരാജനും പ്രതിഷേധിച്ചു. കെ.സി. ജോസഫിന്റെ പരാമർശം പിൻവലിക്കണമെന്നായിരുന്നു ആവശ്യം. ഒടുവിൽ കെ.സി. ജോസഫ് മന്ത്രി ബാലനെതിരായ പരാമർശം പിൻവലിച്ചു.


എന്നാൽ സ്‌പീക്കറുടെ റൂളിംഗും പ്രതിപക്ഷത്തിനൊപ്പമായിരുന്നു. വോട്ടവകാശം വേണമോയെന്ന് തീരുമാനിക്കുന്നത് സഭയാണെന്നും കെ.എം. ഷാജിക്ക് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിന് തടസമില്ലെന്നുമായിരുന്നു സ്‌പീക്കറുടെ റൂളിംഗ്. തുടർന്നാണ് ബഹളം അവസാനിച്ചത്.