feb06b

ആ​റ്റിങ്ങൽ: ഇടയ്‌ക്കോടിനു സമീപത്തെ ക്ഷേത്ര ഉത്സവത്തിനിടെ കൊലക്കേസ് പ്രതികൾ ഉൾപ്പെടുന്ന ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് വെട്ടേ​റ്റു. ആനൂപ്പാറ പാറവിളവീട്ടിൽ സതീശനാണ് (46) വെട്ടേറ്റത്. ക്ഷേത്രത്തിലെ ഉത്സവ സമാപന ദിവസമായ ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. പ്രമാദമായ കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള ചിലർ ക്ഷേത്ര പറമ്പിലുള്ളത് തദ്ദേശവാസികൾ തിരിച്ചറിഞ്ഞിരുന്നു. പിടിച്ചു പറി, മാലമോഷണ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ടായിരുന്നതിനാൽ ഉത്സവക്കമ്മി​റ്റി ഭാരവാഹികൾ ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. നാടൻപാട്ട് ആരംഭിച്ചതോടെ സ്‌​റ്റേജിന് വശത്തായി മാറി നിന്ന് നൃത്തം ചെയ്തിരുന്ന ചെറുപ്പക്കാർക്കിടയിലേക്ക് അക്രമി സംഘം ഒത്തുചേർന്നു. തമ്മിലടിപ്പിച്ച് സംഘർഷം സൃഷ്ടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഉത്സവകമ്മി​റ്റി ഭാരവാഹികൾ എത്തി നിയന്ത്റിക്കാൻ ശ്രമിച്ചപ്പോൾ ഗുണ്ടാസംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. കൈയിൽ കിട്ടിയവരെയെല്ലാം മർദ്ദിച്ചു. വടിവാളും വെട്ടുകത്തിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ എടുത്ത് വീശിയതോടെ നാട്ടുകാർ പലവഴിക്ക് ഓടി. അക്രമികളെ ഭയന്ന് റോഡിലേക്ക് ഓടിയിറങ്ങിയ സതീശനെ പിന്നാലെയെത്തി വെട്ടി വീഴ്ത്തുകയായിരുന്നു. തലയിലും തോളിലും വെട്ടേ​റ്റ സതീശന്റെ നില ഗുരുതരമാണ്. അക്രമികൾ മടങ്ങിയ ശേഷമാണ് സതീശനെ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാനായത്. ശ്രീകാര്യം രാജേഷ് വധക്കേസിലെ പ്രതി ഉൾപ്പെടെയുള്ളവരാണ് അക്രമികളെന്ന് നാട്ടുകാർ പറഞ്ഞു. സംഘത്തിലെ ഒരാൾ ഒഴികെയുള്ളവരെല്ലാം പുറത്ത് നിന്നുള്ളവരാണ്. ആ​റ്റിങ്ങൽ, മംഗലപുരം, പോത്തൻകോട് പൊലീസ് സ്‌​റ്റേഷൻ പരിധികളിൽ നിരവധി കേസുകളിലെ പ്രതികളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഫോട്ടോ... വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന സതീശൻ