നാട്ടിലൊരു നിയമമുണ്ടായാൽ അതിന്റെ ആഘാത-പ്രത്യാഘാത ശബ്ദങ്ങൾ ആദ്യം മുഴങ്ങുന്നത് നിയമനിർമാണ സഭയിലാണെന്ന് ബോദ്ധ്യമായി. പൗരത്വഭേദഗതി നിയമത്തിന്റെ കാര്യമെടുക്കാം. നാട്ടിലെവിടെയും പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നത് ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് പറയുന്നു. എന്നാൽ സഭയിലെ സ്ഥിതിഗതികൾ വച്ച് നോക്കിയാൽ അത്ര പന്തിയല്ല കാര്യങ്ങൾ. മർമ്മാണി മർമ്മസ്ഥാനം നോക്കിയടിക്കുന്നത് പോലെ നിയമ മർമ്മാണിമാർ നിയമത്തിന്റെ മർമ്മസ്ഥാനമറിഞ്ഞ് പെരുമാറിത്തുടങ്ങിയോയെന്ന് സംശയിച്ചാൽ തെറ്റ് പറയാനാവില്ല.
കഴിഞ്ഞദിവസം ആംഗ്ലോ ഇന്ത്യൻ നോമിനിയായ അംഗം ജോൺ ഫെർണാണ്ടസിന്റെ പൗരത്വം തിരുവഞ്ചൂർ രാധാകൃഷ്ണനാൽ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. അതൊരൊറ്റപ്പെട്ട സംഭവമായി അവിടം കൊണ്ടവസാനിച്ചുവെന്ന് കരുതിയവർക്ക് തെറ്റിപ്പോയത് ഇന്നലെ വീണ്ടും പൗരത്വപ്രശ്നം ഉയർന്നുവന്നപ്പോഴാണ്. കെ.എം. ഷാജിയുടെ പൗരത്വത്തെ ചോദ്യം ചെയ്യാനൊരുമ്പെട്ടത് പാർലമെന്ററി കാര്യമന്ത്രി എ.കെ. ബാലനാണ്. നിയമസഭയ്ക്കകത്ത് വോട്ടവകാശമില്ലാത്ത അംഗമായി സുപ്രീംകോടതി വിധിച്ച ഷാജിക്ക്, വോട്ടിംഗിന് വരെ ഇടാവുന്ന അടിയന്തരപ്രമേയ നോട്ടീസ് ഉന്നയിക്കാനെന്തവകാശമെന്നായിരുന്നു ചോദ്യം. ഒരംഗത്തെ മനപ്പൂർവം അവഹേളിക്കുന്ന മന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമെന്ന് ഉടനടി വി.ഡി. സതീശൻ വിധിയെഴുതി. ലാ കോളേജിൽ പഠിച്ചപ്പോൾ ക്ലാസിൽ കയറാത്തതിനാലാണ് മന്ത്രിക്ക് നിയമത്തിന്റെ ബാലപാഠം അറിയാതെപോയതെന്ന് കെ.സി. ജോസഫ് സഹതപിച്ചത് മറ്റൊരു കൂട്ടപ്പൊരിച്ചിലിലേക്ക് കാര്യങ്ങളെത്തിച്ചെന്ന് പറഞ്ഞാൽ മതി. ഏറ്റവും സമർത്ഥനായ വിദ്യാർത്ഥിയായി പഠിച്ചു ജയിച്ച എ.കെ.ബാലനെ അപമാനിച്ച ജോസഫ് പരാമർശം പിൻവലിക്കണമെന്ന് മന്ത്രി ഇ.പി. ജയരാജൻ ആവശ്യപ്പെട്ടു. കൈയോടെ കെ.സി.ജോസഫ് അത് പിൻവലിച്ചതിനാൽ വലിയ അത്യാഹിതം ഒഴിവായി.
പൗരത്വപ്രശ്നത്തിൽ സ്പീക്കറിൽ നിന്ന് അനുകൂലവിധി നേടിയെടുത്ത ഷാജി തനിക്കനുകൂലമായുണ്ടായ സഹതാപതരംഗം മുതലെടുക്കാൻ ശ്രമിക്കാതിരുന്നില്ല. തന്റേതിന് സമാനസ്ഥിതിയിലുള്ള കാരാട്ട് റസാഖിനോട് ഇതുപോലുള്ള അവഹേളനം ഇപ്പുറത്ത് നിന്നുണ്ടാവില്ലെന്ന് പറഞ്ഞായിരുന്നു ഷാജിയുടെ മർമ്മത്തിൽ കുത്ത്.
പൗരത്വനിയമഭേദഗതിയുണർത്തിയ ആശങ്കയുടെ പശ്ചാത്തലത്തിൽ ജനസംഖ്യാരജിസ്റ്ററിന്റെ ചോദ്യാവലിയടങ്ങുന്ന സെൻസസ് നടപടി നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഷാജിയുടെ നേതൃത്വത്തിൽ അടിയന്തരപ്രമേയ നോട്ടീസ്. ജനസംഖ്യാരജിസ്റ്ററിന്റെ ഒരു ചോദ്യവും സെൻസസിലില്ലെന്നിരിക്കെ അനാവശ്യമായ ആശങ്ക ജനങ്ങളിലുണ്ടാക്കാനുള്ള ശ്രമമാണോ ഈ നോട്ടീസെന്ന് മുഖ്യമന്ത്രി സംശയിച്ചു.
പൗരത്വം നിഷേധിക്കുന്നവരെ പാർപ്പിക്കാൻ ഡിറ്റെൻഷൻകേന്ദ്രം കെട്ടാൻവരെ പിണറായിസർക്കാർ തയ്യാറെടുക്കുകയാണെന്നാണ് കെ.എം. ഷാജിയുടെ ആശങ്ക. അങ്ങനെ എവിടെയെങ്കിലും ഡിറ്റെൻഷൻ ക്യാമ്പിന് തറക്കല്ലിട്ടാൽ അതെടുത്ത് അറബിക്കടലിലെറിയുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. അങ്ങനെ ഷാജിക്ക് എറിയണമെങ്കിൽ എവിടെയെങ്കിലും ചെന്ന് ഏതെങ്കിലും കല്ലെടുത്ത് എറിയേണ്ടിവരുമെന്നും ഇവിടെ ഒരു കല്ലുംഇട്ടിട്ടില്ലെന്നും മുഖ്യമന്ത്രി തീർത്തുപറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ വാർഡെണ്ണം ഒന്നുവീതം കൂട്ടുന്ന ബില്ലുകളും ക്രിസ്ത്യൻസെമിത്തേരികളിലെ ശവമടക്കൽ അവകാശമുറപ്പിക്കൽ ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. വാർഡെണ്ണം കൂട്ടൽ ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണെന്ന അഭ്യൂഹത്തിന് മന്ത്രി മൊയ്തീൻ വിരാമമിട്ടു. അത് ഗവർണർ മടക്കിയിട്ടുണ്ട് !