ആറ്റിങ്ങൽ : ബൈക്കിൽ ലിഫ്റ്റ് നൽകി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദ്ദിച്ച് പണവും മൊബൈൽ ഫോണും പിടിച്ചു പറിക്കുന്ന സംഘത്തെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ആലംകോട് പട്ടള വാട്ടർടാങ്കിനു സമീപം ചിറയ്ക്കകത്ത് വീട്ടിൽ കിരൺ (24), മണമ്പൂർ പെരുംകുളം മലവിളപൊയ്ക മിഷൻ കോളനിയിൽ മനു (26), മണമ്പൂര് തൊപ്പിച്ചന്ത കുന്നിൽ വീട്ടിൽ അരുൺ (25 )എന്നിവരാണ് അറസ്റ്റിലായത്.ആറ്റിങ്ങലിലെ സ്വകാര്യ റിസോർട്ടിന് സമീപം നിന്ന കൊട്ടിയോട് സ്വദേശിയെ ബൈക്കിൽ ലിഫ്റ്റ് നൽകിയ ശേഷം മർദ്ദിച്ച് അവശനാക്കി പണവും ഫോണും കവരുകയായിരുന്നു. ഇതുസംബന്ധിച്ച് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നടന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി ബേബിയുടെ നിർദ്ദേശാനുസരണം അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ എസ്.എച്ച്.ഒ വി.വി ദിപിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമായ സനൂജ്. പൊലീസുകാരായ പ്രദീപ് , ഫിറോസ് ഖാൻ , താജുദീൻ , ബിനു , രാകേഷ് , നിധിൻ , ലിജു , നിറാസ് , ഷിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.