വെഞ്ഞാറമൂട്: കോൺഗ്രസ് രാജ്യത്തുള്ള കാലത്തോളം പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ഭരണഘടനാ വിരുദ്ധ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് നെല്ലനാട് മണ്ഡലം കമ്മിറ്റി മണലിമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുകയും ദേശീയ പൗരത്വ രജിസ്ട്രറിന്റെ പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് മഹേഷ് ചേരിയിൽ അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് നേതാക്കളായ ഇ. ഷംസുദ്ദീൻ, രമണി പി.നായർ, ഷാനവാസ് ആനക്കുഴി, സനൽകുമാർ, ജി. പുരുഷോത്തമൻ നായർ, അഡ്വ. വെഞ്ഞാറമൂട് സുധീർ, രമേശ്, ഇ.എ. അസീസ്, എം. മണിയൻ പിള്ള, മാണിക്കമംഗലം ബാബു, ഡോ. സുശീല, സജി വർഗീസ്, ഷബിൻ തുടങ്ങിയവർ സംസാരിച്ചു.