womens-commission

തിരുവനന്തപുരം: പൊലീസ് സ്റ്രേഷനുകൾ കൂടുതൽ സ്ത്രീ സൗഹൃദമാക്കണമെന്നും സ്ത്രീപക്ഷ ബോധം പൊലീസുകാരിൽ ഉണ്ടാകണമെന്നും വനിതാ കമ്മിഷൻ അഭിപ്രായപ്പെട്ടു. തൈക്കാട് റസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ ജില്ലയിലെ ഒരു പൊലീസ് സ്റ്രേഷനിൽ സാക്ഷിപറയാനെത്തിയ സ്ത്രീകൾക്കുനേരെ ഉണ്ടായ മോശം പരാമർശത്തെപ്പറ്റിയുള്ള പരാതി പരിഗണിക്കവേയാണ് കമ്മിഷന്റെ പരാമർശം. വിഷയത്തിൽ എസ്.ഐയെ വിളിപ്പിച്ച് കമ്മിഷൻ താക്കീത് ചെയ്തു. പൊലീസിൽ പരാതി നൽകിയാൽ രസീത് നൽകാതെയും തുടർനടപടികൾ വൈകിപ്പിച്ചും പരാതിക്കാരെ കുഴയ്ക്കുന്ന സമീപനം പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പരാതിയുടെ രസീത് വാങ്ങാൻ പരാതിക്കാർ മടിക്കരുതെന്നും കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.

തൊഴിലിടങ്ങളിൽ പീഡനം നേരിടുന്ന സ്ത്രീകൾ ജോലി രാജി വയ്ക്കാതെ അവിടെ നിന്നുതന്നെ പോരാടാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കണമെന്നും കമ്മിഷൻ പറഞ്ഞു. വനിതാ കോച്ചിനെ മാനേജർ അപമാനിച്ചത് സംബന്ധിച്ചുള്ള പരാതിയിലാണ് പരാമർശം. ഭാര്യയ്ക്കും മക്കൾക്കും ചെലവിന് നൽകാത്ത പരാതിയിൽ പിതാവിനെ അദാലത്തിൽ വിളിച്ചുവരുത്തി ശാസിച്ചു. ജില്ലയിലെ പ്രമുഖ സ്‌കൂളിലെ അദ്ധ്യാപികമാരെ പ്രിൻസിപ്പൽ മാനസികമായും തൊഴിൽപരമായും ദ്രോഹിക്കുന്നുവെന്ന അദ്ധ്യാപികമാരുടെ പരാതിയിൽ പ്രിൻസിപ്പലിന്റെ ഭാഗത്തു തെറ്റുണ്ടായതായി കമ്മിഷന് ബോദ്ധ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്കൂൾ ചെയർമാനെ കമ്മിഷൻ ആസ്ഥാനത്ത് വിളിച്ചിരുന്നുവെങ്കിലും ഹാജരാകാതെ പ്രിൻസിപ്പലിന്റെ കത്ത് കമ്മിഷന് കൈമാറുകയാണുണ്ടായത്. അദാലത്തിൽ 200 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 24 എണ്ണത്തിന് തീർപ്പ് കൽപ്പിച്ചു. ഒരെണ്ണം കൗൺസലിംഗിനായും രണ്ടെണ്ണം പൊലീസ് റിപ്പോർട്ടിംഗിനായും കൈമാറി. 173 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അടുത്ത അദാലത്ത് 14ന് നടക്കും. കമ്മിഷൻ അംഗങ്ങളായ ഇം.എംരാധ,എം.എസ് താര,ഷാഹിദാ കമാൽ,ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.