വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഉത്സമേഖല പൂർണമായും കാമറാ നീരീക്ഷണത്തിലാക്കാൻ വ്യാപാര ഭവനിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. ഉത്സവമേഖലയിൽ സമ്പൂർണ ഹരിത ചട്ടം നടപ്പിലാക്കാനും അവലോകന യോഗം തീരുമാനിച്ചു. മേളാ ഗ്രൗണ്ടിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിക്കുമെന്നും തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി ബേബി യോഗത്തിൽ അറിയിച്ചു. മഹാശിവരാത്രി മഹോത്സവം നടക്കുന്ന 12 മുതൽ പത്തു ദിവസം ക്ഷേത്രത്തിന് സമീപം കെ.എസ്.ആർ.ടി.സിയുടെ താത്കാലിക സ്റ്റോപ്പ് അനുവദിക്കുമെന്ന് എ.ടി.ഒ ഷിജു അറിയിച്ചു. എക്സൈസ് വകുപ്പ് എല്ലാ ദിവസങ്ങളിലും പരിശോധന നടത്തും. പൂർണ സജ്ജമായി അഗ്നിരക്ഷാസേന സ്ഥലത്തുണ്ടാകും. ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്നവർ ഭക്ഷ്യവകുപ്പിന്റെ അനുമതി കർശനമായും വാങ്ങിയിരിക്കണം. പാതയോരങ്ങളിൽ ഇളകി കിടക്കുന്ന സ്ലാബുകൾ മാറ്റിയിടുമെന്ന് കെ.എസ്.ടി.പി അധികൃതർ ഉറപ്പ് നൽകി. യോഗം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര അഡ്ഹോക് കമ്മിറ്റി ജോ. കൺവീനർ എം.മണിയൻ പിളള അദ്ധ്യക്ഷനായിരുന്നു. കൺവീനർ വയ്യേറ്റ് അനിൽ, ഉത്സവ ആഘോഷ കമ്മിറ്റി കൺവീനർ പി.വാമദേവൻ പിള്ള, ചെയർമാൻ വയ്യേറ്റ് ബി.പ്രദീപ്, കോണത്ത് ശശിധരൻ പിള്ള, എം.വി. സോമൻ, അജയൻ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.