തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട എന്യൂമറേഷൻ സംസ്ഥാനത്ത് നടത്തില്ലെന്നും, അതിനുള്ള ചോദ്യങ്ങൾ സെൻസസിന്റെ ഭാഗമായി വരില്ലെന്നും മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.. അനാവശ്യമായ ആശങ്കയുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇത് സംബന്ധിച്ച് മുസ്ലീം ലീഗിലെ കെ.എം.ഷാജി അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ അദ്ദേഹം ആരോപിച്ചു.
അതേ സമയം.സെൻസസ് വിവരങ്ങൾ ദുരുപയോഗപ്പെടുത്തുമോയെന്ന് പരക്കെയുള്ള ആശങ്ക ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ആശങ്ക തീരുംവരെ സെൻസസ് പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ജനസംഖ്യാ രജിസ്റ്ററുമായി മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാരിന് സഹായകരമായ രീതിയിൽ വിവരങ്ങൾ ശേഖരിക്കുന്നതാണ് സെൻസസെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യം സഭാനടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സെൻസസ് നടപടികൾക്ക് പിന്നിലെ ചതിക്കുഴി മനസ്സിലാക്കണമെന്ന് വാക്കൗട്ട് പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞു
സെൻസസ് പാടില്ലെന്ന
സമീപനം സർക്കാരിനില്ല
പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന ജനസംഖ്യാ രജിസ്റ്ററിനുള്ള കണക്കെടുപ്പ് കേരളത്തിൽ നടത്തില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചതാണെന്നും ,കേന്ദ്ര ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തതാണെന്നും മുഖ്യമന്ത്റി വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും , ജില്ലാകളക്ടർമാർ ഉൾപ്പടെയുള്ളവർക്ക് വ്യക്തമായ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.സെൻസസ് നടത്തുന്നതിന് മറ്റ് അപാകതകളൊന്നുമില്ല. സെൻസസ് പാടില്ലെന്ന സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ല..കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം സംസ്ഥാനത്തിന് റദ്ദാക്കാനാവില്ല ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പത്തിന്റെ കാര്യമില്ലെന്നും മുഖ്യമന്ത്റി പറഞ്ഞു.
മുഖ്യമന്ത്റിയുടേത്
'ഭൂലോക തള്ള് '
നിലവിലുള്ള ജനസംഖ്യാ രജിസ്റ്ററിന്റെ പുതുക്കലാവും സെൻസസെന്നും ,സെൻസസ് മാത്രം നടത്തുമെന്നത് മുഖ്യമന്ത്റിയുടെ 'ഭൂലോക തള്ളാ'ണെന്നും കെ.എം ഷാജി ആരോപിച്ചു.
സെൻസസ് മാത്രമേ നടക്കൂ എന്നതിന് കേന്ദ്രം എന്തു ഉറപ്പാണ് നൽകിയതെന്ന് പറയണം. ഒരു വിഭാഗം ജനങ്ങൾ ഭയാശങ്കകളിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു മുസ്ലിം വിഷയമായി എടുത്തുവെന്ന ഷാജിയുടെ ആരോപണം വേറെ ചില അജൻഡകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്റി തിരിച്ചടിച്ചു.
ഇതിനിടെ ,ബംഗാൾ മുഖ്യമന്ത്റിയെയും കേരള മുഖ്യമന്ത്റിയെയും താരതമ്യം ചെയ്തുള്ള കെ.എം ഷാജിയുടെ പരാമാർശത്തിൽ എം.സ്വരാജും മന്ത്റി വി.എസ് സുനിൽകുമാറും പ്രതിഷേധിച്ചു. . ബംഗാളിൽ പെണ്ണാണ് ഭരിക്കുന്നതെന്ന പരമാർശത്തിനെതിരെ മന്ത്റി കെ.കെ ശൈലജയും രംഗത്തെത്തി. ഒടുവിൽ കെ.എം ഷാജി പരാമർശം പിൻവലിച്ചു.