varkala-sro

വർക്കല: വർക്കല സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണം അനിശ്ചിതത്വത്തിലായിട്ട് ഒന്നര വർഷത്തോളമാകുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാർ തലത്തിൽ തീരുമാനമുണ്ടായത്. വർക്കല നഗരത്തിന്റെ ഹൃദയഭാഗത്ത് സർക്കാർ വക 20 സെന്റ് ഭൂമിയിലാണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചു വന്നത്.

പ്രതിവർഷം അഞ്ച് കോടിയോളം രൂപ റവന്യു വരുമാനം ഈ ഓഫീസു മുഖേന സർക്കാരിനു ലഭിക്കുന്നുണ്ട്. വർക്കല നഗരസഭ, ഇടവ, വെട്ടൂർ, അയിരൂർ, ചെമ്മരുതി എന്നീ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ ഓഫീസിന്റെ പരിധിയിലാണ്. നിരവധി അപേക്ഷകൾ ഇവിടെ ലഭിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് ദൈനംദിന പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. പുതിയ കെട്ടിടത്തിന്റെ ആദ്യത്തെ പ്ലാൻ റിവൈസ് ചെയ്തു നൽകിയിട്ടും എൽ.എസ്.ജി.ഡിയുടെ നിരുത്തരവാദപരമായ സമീപനം മൂലം കെട്ടിട നിർമ്മാണം പെരുവഴിയിലായ നിലയിലാണ്.സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണം ഉടൻ തീർപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.