kerala-legislative-assemb
KERALA LEGISLATIVE ASSEMBLY

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുറേക്കൂടി യോജിച്ച പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രതിപക്ഷം, ഭരണപക്ഷം എന്ന സമീപനം നിർഭാഗ്യകരമാണ്. ഇതിൽ നമ്മൾ ഒരുമിച്ചുണ്ടാവണം. അകറ്റി നിറുത്തേണ്ടത് വർഗ്ഗീയ, തീവ്രവാദ ശക്തികളെ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിന്മാറിയത് ഭിന്നിപ്പിക്കാൻ ശ്രമിച്ചതിനാൽ: ചെന്നിത്തല

യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവണമെന്ന് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമാണ് ആദ്യം നിർദ്ദേശിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിസന്ധി മുതലെടുക്കാൻ ചിലർ ഏകപക്ഷീയമായി ഹർത്താൽ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്. യോജിച്ച സമരത്തിലൂടെ മതതീവ്രവാദികൾക്ക് മുതലെടുപ്പിന് അവസരം നൽകിയില്ല. ചരിത്രപരമായ ദൗത്യമാണ് നിറവേറ്റിയത്. ഇക്കാര്യത്തിൽ യു.ഡി.എഫിന് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട.

യോജിച്ച സമരത്തിനു ശേഷം മുഖ്യമന്ത്രിക്കും എൽ.ഡി.എഫിനും രാഷ്ട്രീയ താത്പര്യമുണ്ടായി. യോജിച്ച സമരത്തിനു പിന്നാലെ എൽ.ഡി.എഫ് തനിച്ച് മനുഷ്യച്ചങ്ങല നടത്തി. കോൺഗ്രസിലും യു.ഡി.എഫിലും ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു. ലീഗ് കൊള്ളാം, കോൺഗ്രസ് കൊള്ളില്ല എന്ന സമീപനം വേണ്ട. അതിനാലാണ് യോജിച്ച സമരം വേണ്ടെന്നുവച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോവും, ഭിന്നിപ്പിക്കാനുള്ള വെള്ളം വാങ്ങിവച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.

മുസ്ലിംലീഗിൽ രണ്ടു തട്ടില്ല: എം.കെ.മുനീർ

യോജിച്ച പ്രക്ഷോഭത്തെച്ചൊല്ലി മുസ്ലിം ലീഗിൽ രണ്ടു തട്ടില്ലെന്ന് എം.കെ.മുനീർ പറ‌ഞ്ഞു. യോജിച്ച സമരത്തിൽ പങ്കെടുത്തതിൽ കുറ്റബോധവുമില്ല. സെൻസസ് നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ട് നമുക്ക് കൂട്ടായി ഡൽഹിയിൽ പോകാമെന്നും മുനീർ പറഞ്ഞു.