വെഞ്ഞാറമൂട്: രാജ്യത്തിന്റെ പൊതുമേഖല സ്ഥാപനങ്ങളെല്ലാം കേന്ദ്ര സർക്കാർ വിറ്റഴിക്കുമ്പോൾ അത്തരം സ്ഥാപനങ്ങൾ ഏറ്റെടുത്തു നടത്താൻ തയ്യാറായി മുന്നോട്ട് വരുന്ന കേരള സർക്കാർ രാജ്യത്തിനാകെ മാതൃകയാണെന്ന് കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം. വി ഗോവിന്ദൻ പറഞ്ഞു. കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം വെഞ്ഞാറമൂട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ ബിജെപി സർക്കാർ രാജ്യത്തെ കാർഷിക മേഖലയെ തകർത്ത് കോർപറേറ്റുകൾക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കുകയാണ്. വ്യവസായ മേഖല രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്. 30 ലക്ഷം പേരുടെ തൊഴിലാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കടബാദ്ധ്യത കാരണം 3 ലക്ഷത്തോളം കർഷകർ ഇതിനകം ആത്മഹത്യ ചെയ്തു. രാജ്യത്തെ മഹാമാന്ദ്യത്തിലേക്ക് തള്ളിവിടുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെഞ്ഞാറമൂട് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം എം .എം മുസ്തഫ നഗറിൽ ജില്ലാ പ്രസിഡന്റ് ബി.പി. മുരളി പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. രക്തസാക്ഷി പ്രമേയം ഡി.കെ. ശശിയും, അനുശോചന പ്രമേയം എ. ഗണേശനും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ഡി.കെ. മുരളി എം.എൽ.എ സ്വാഗതം പറഞ്ഞു.ബി.പി. മുരളി അദ്ധ്യക്ഷനായി. ആർ. ദിനേശ് കുമാർ കൺവീനറായി രജിസ്ട്രേഷൻ കമ്മിറ്റിയും രാമചന്ദ്രൻ കൺവീനറായി മിനിറ്റ്സ് കമ്മിറ്റിയും, പി. രാമചന്ദ്രൻനായർ കൺവീനറായി പ്രമേയ കമ്മിറ്റിയും എസ്.എസ്. ബിജു കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തനം തുടങ്ങി. ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ആർ ബാലൻ, സംസ്ഥാന ട്രഷറർ ബി.രാഘവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ലളിതാബാലൻ, ഒ.എസ്. അംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. രതീന്ദ്രൻ, കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് എൻ. കൃഷ്ണൻനായർ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. ബിജു, സി.പി.എം ഏരിയാ സെക്രട്ടറി കെ. മീരാൻ, സ്വാഗത സംഘം ജനറൽ സെക്രട്ടറി ഇ.എ. സലിം തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ. ശശാങ്കൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ചർച്ച. വൈകിട്ട് ലെനിൻ രാജേന്ദ്രൻ നഗറിൽ (നെല്ലനാട് പഞ്ചായത്ത് സ്വരാജ് ഹാൾ) കവിയരങ്ങും നടന്നു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ വൈകിട്ട് 5 ന് രാമാനന്ദൻ നഗറിൽ (വെഞ്ഞാറമൂട് ജംഗ്ഷൻ) നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.