പാലോട്: മലയോര ഗ്രാമമായ പാലോട്ട് ഇന്നുമുണ്ട്, കൊട്ടിയമ്പലങ്ങൾക്ക് മുന്നിൽ കെട്ടിയിട്ട മണികെട്ടിയ കാളയും പയ്യും കിടാങ്ങളും. കൊയ്ത്തു കഴിഞ്ഞ പാടത്ത് കൊറ്റിയും കാക്കയും കരിയിലക്കിളിയും കറ്റയിൽ നിന്നും പൊഴിഞ്ഞ നെന്മണി കൊത്തുന്നത്. പ്രാവും പരുന്തും പട്ടങ്ങൾക്കൊപ്പം പറക്കുന്നത്. ഞാറ്റടികൾ ഇല്ലാതാവുകയും പാതയോര കൃഷിയിടങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്‌തെങ്കിലും കാർഷിക സംസ്കൃതിയുടെ തിരുശേഷിപ്പായി പാലോടുകാർ ഹൃദയത്തിൽ സൂക്ഷിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. 57 വർഷമായി മുടക്കമില്ലാതെ നടത്തിവരുന്ന 'കാളച്ചന്ത". തലസ്ഥാന ജില്ലയ്ക്ക് പുറമെ, കൊല്ലം, തിരുനെൽവേലി ജില്ലകളിൽ നിന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന കന്നുകാലിച്ചന്തയ്ക്ക് ഇന്ന് മുതൽ പത്ത് നാൾ ഒരിക്കൽകൂടി ആതിഥേയത്വം അരുളുകയാണ് ഈ മലയോരഗ്രാമം. രാവിലെ 9ന് 57 കുട്ടികൾക്ക് ദീപം കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്‌ഘാടനം നിർവഹിക്കും. വൈകിട്ട് ടൂറിസം വാരാഘോഷം മന്ത്രി കടകംപളി സുരേന്ദ്രനും കലാമേള മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയും ഉദ്‌ഘാടനം ചെയ്യും. 16 ന് മേള സമാപിക്കും.
വാങ്ങുന്നവനും വില്കുന്നവനും കൈകൾ ചേർത്തു പിടിച്ച് മുകളിൽ തൂവാല മൂടി വിരലുകൾ കൊണ്ട് വിലപേശും. ഇടനിലക്കാർ കാഴ്ചക്കാരായി മാറും. വിരലുകളിലൂടെ 'വിലയറിഞ്ഞ്' ഉഴവുമാടുകളെ കൈമാറ്റം ചെയ്യുന്ന കാളച്ചന്തയിലെ പഴയ കൈമാറ്റ രീതി ഏറെ പ്രസിദ്ധമാണ്. ആദ്യകാലത്ത് ഉഴവുമാടുകളുടെ കൈമാറ്റവും വില ഉറപ്പിക്കലും കാണാൻ വലിയ തിരക്കായിരുന്നു. നിലമുഴാനും മരമടിക്കാനും ലക്ഷണമൊത്ത ഉരുക്കൾ തേടി പാണ്ടിനാട്ടിൽ നിന്നും കൊല്ലത്ത് നിന്നും ധാരാളം പേരാണ് ചന്തയിലെത്തിയിരുന്നത്. മകരത്തിൽ കൊയ്‌ത്തൊഴിഞ്ഞ പാടശേഖരമായിരുന്നു കാളച്ചന്തയ്ക്ക് വേദിയായിരുന്നത്. കലാമേളയും വിനോദ സഞ്ചാര വാരാഘോഷവും വന്നതോടെ ചന്തയുടെ പേര് മേളയെന്നായി പരിഷ്കരിച്ചു. ക്ഷീരകർഷകർക്ക് നല്ലയിനം പശുക്കളെയും ആടുമാടുകളെയും വാങ്ങാൻ ജില്ലയിൽ അവശേഷിക്കുന്ന ഏക കാളച്ചന്തയാണ് പാലോട്ടേത്.
കുടിമാടുകൾ, പാണ്ടിമാടുകൾ, കിഴക്കൻ മാടുകൾ, തെലുങ്കാന പോത്തുകൾ, ബെല്ലാരി പോത്തുകുട്ടികൾ, ജെല്ലിക്കെട്ട് കാളകൾ, ഹരിയാന പോത്തുകൾ മുതലായവ വില്പനയ്ക്ക് എത്തി. പത്ത് ദിവസവും കാളവണ്ടി യാത്രയും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും സ്ത്രീജനങ്ങൾക്കും അലങ്കരിച്ച കാളവണ്ടിയിലുള്ള യാത്ര നവ്യാനുഭവമാകും. കണ്ടംപററി ആർട്ടിന്റെ അവതരണത്തിനായി മിനി ബിനാലെ ടി-റ്റൊന്റിയും സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച മലയോര കർഷകന് പതിനായിരത്തി ഒന്ന് രൂപ കാഷ് അവാർഡും 5 കർഷകർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.
മുട്ട കോഴികൾ, വളർത്ത് പക്ഷികൾ, പെറ്റ് ടോഗ്സ്, അലങ്കാര മത്സ്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറി വിത്തുകൾ, പുഷ്പ-ഫല തൈകൾ എന്നിവയുടെ വിപുലമായ ശേഖരവും വില്പനയ്ക്കുണ്ട്. ഇരുന്നുറോളം സർക്കാർ, സ്വകാര്യ പ്രദർശന-വിപണന സ്റ്റാളുകൾ, പ്രമുഖ പ്രസാദകർ പങ്കെടുക്കുന്ന പുസ്തകോത്സവം, ഐ.എസ്.ആർ.ഒയുടെ വാനനിരീക്ഷണ, ശാസ്ത്ര പഠന പവലിയൻ എന്നിവ ശ്രദ്ധേയമാണ്.
-വി.കെ. മധു (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,പാലോട്മേള -മുഖ്യ രക്ഷാധികാരി)