കിളിമാനൂർ: ഇണ്ട് കിഡ്നിയും തകരാറിലായതിനെ തുടർന്ന് ദുരിതത്തിലായ കൃഷ്ണമോഹന് (38) ഇനിയും ജീവിച്ചേതീരൂ - പറക്കമുറ്റാത്ത രണ്ട് മക്കളെ വളർത്താൻ. പക്ഷേ ഭക്ഷണമടക്കം നിത്യേനയുള്ള ചെലവുകൾ നടക്കണമെങ്കിൽ സുമനസുകളുടെ കൈത്താങ്ങ് വേണമെന്ന അവസ്ഥയാണ്. ലോറി ഡ്രൈവറായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൃഷ്ണമോഹൻ വർഷങ്ങൾക്ക് മുമ്പാണ് കിളിമാനൂർ സ്വദേശിനിയായ നിസയെ വിവാഹം കഴിച്ചത്. പുതിയകാവ് എള്ളുവിള തെങ്ങുവിളവീട്ടിൽ വാടകക്കാണ് താമസം. കിളിമാനൂർ ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളായ വൈഷ്ണവ് (ഒമ്പതര), വൈഗ (ഏഴ്) എന്നിവർ മക്കളാണ്. മൂന്നരവർഷം മുമ്പാണ് ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് കൃഷ്ണമോഹനെ ആശുപത്രിയിലെത്തിച്ചത്. തുടർന്നുള്ള ചികിത്സയിൽ കിഡ്നിക്ക് പ്രശ്നമുള്ളതായി കണ്ടെത്തി. കുറേനാൾ കഴിഞ്ഞപ്പോൾ രണ്ടാമത്തെ കിഡ്നിയും തകരാറിലായി. സ്വന്തമായി റേഷൻ കാർഡോ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ സർക്കാർ ആശുപത്രിയിൽ നിന്നും ലഭിച്ചിരുന്ന സൗജന്യനിരക്കിലെ ചികിത്സ ആറുമാസമായി കിട്ടുന്നില്ല. ഇപ്പോൾ അഞ്ചലിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ആഴ്ചയിൽ രണ്ടുതവണ വീതം ചെയ്യുന്ന ഡയാലിസിസിന് യാത്രാ ചെലവടക്കം നാലായിരത്തിലേറെ രൂപ വേണം ഒരാഴ്ച. വീട്ടുചെലവിനും മരുന്നിനും വേറെയും. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായത്താലാണ് ഇതുവരെയുള്ള ചെലവുകൾ നടന്നുവന്നത്. കിഡ്നി രണ്ടും മാറ്റിവയ്ക്കാൻ 20 ലക്ഷത്തോളം രൂപ ചെലവാകുമെന്ന് ഡോക്ടർമാർ പറയുന്നു. നിത്യവൃത്തിക്ക് പോലും വകയില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം. പലപ്പോഴും കുട്ടികളെ സ്കൂളിൽ അയക്കാൻ പോലും കഴിയാത്ത അവസ്ഥയുമുണ്ട്. സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് ഭാര്യ നിസയുടെ പേരിൽ യൂണിയൻ ബാങ്കിന്റെ കിളിമാനൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 686302010005780. ഐ.എഫ്.എസ്.സി:UBIN0568635. ഫോൺ: 9747141410.