arrest-shaji

വർക്കല: കഞ്ചാവ് പൊതികളും മയക്കുമരുന്ന് പൊതിയുമായി നിരവധി കവർച്ച കേസുകളിലെ പ്രതി സ്കൂൾ പരിസരത്തു നിന്ന് പിടിയിലായി. വർക്കല കുരയ്ക്കണ്ണി തിരുവാമ്പാടി ഗുലാബ് മൻസിലിൽ ഫാന്റം പൈലി എന്ന ഷാജി (36) ആണ് വർക്കല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തു നിന്ന് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകലിലെ നൂറോളം കവർച്ച കേസുകളിലെ പ്രതിയാണ് ഇയാൾ. വിദ്യാർത്ഥികൾക്ക് വിൽക്കാനായി കൊണ്ടുവന്ന 25 പൊതി കഞ്ചാവും മാരക മയക്കു മരുന്നുകളിലൊന്നായ നൈട്രാസെപാം അടങ്ങിയ 30 ഗുളികകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് എത്തിച്ച് 5ഗ്രാം അടങ്ങുന്ന ചെറിയ പൊതികളാക്കി പൊതിക്ക് 500 രൂപ നിരക്കിലും മാനസിക രോഗത്തിന് ചികിത്സയിലാണെന്ന വ്യാജചികിത്സാ കുറിപ്പു നൽകി നാഗർകോവിലിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിയ നൈട്രാസെപാം ഗുളികകൾ ഒരെണ്ണം നൂറ് രൂപയ്ക്കുമാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വാഹന മോഷണകേസിൽ കഴിഞ്ഞ ആഴ്ചയാണ് ഇയാൾ ജയിൽ മോചിതനായത്. പാപനാശത്തെ റിസോർട്ടുകളിൽ സപ്ലൈ ചെയ്യുന്നതിന് തമിഴ്നാട്ടിൽ നിന്ന് വാങ്ങി കൊണ്ടുവരുന്ന പച്ചക്കറി കെട്ടുകൾക്കൊപ്പമാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി.ബേബിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ, എസ്.ഐ ശ്യാം.എം.ജി, പ്രൊബേഷൻ എസ്.ഐ പ്രവീൺ,എ.എസ്.ഐ ബിജു,സി.പി.ഒ അജീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു