തിരുവനന്തപുരം: പ്രവാസികൾ സാമ്പത്തിക വർഷത്തിൽ 120 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിച്ചാൽ റസിഡന്റായി കണക്കാക്കി ആദായനികുതി അടയ്ക്കണമെന്ന ബഡ് ജറ്റ് നിർദ്ദേശം പിൻവലിക്കണമെന്ന് കേന്ദ്രത്തോട് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു.

കേന്ദ്ര ബഡ്ജറ്റിന്റെ ഭാഗമായ ധനകാര്യ ബില്ലിലാണ് 1961ലെ ആദായനികുതി നിയമത്തിന്റെ ആറാം വകുപ്പിൽ അടുത്ത ഏപ്രിൽ ഒന്ന് മുതൽ മാറ്റം നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യൻ പൗരൻ സാമ്പത്തികവർഷത്തിൽ 182 ദിവസമോ അതിലധികമോ ഇന്ത്യയിൽ താമസിക്കുമ്പോഴാണ് നിലവിൽ റസിഡന്റായി കണക്കാക്കുന്നത്. നികുതി വെട്ടിപ്പ് തടയാനെന്ന നിലയിൽ കൊണ്ടുവന്ന മാറ്റം കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലുള്ള വലിയ വിഭാഗം പ്രവാസികൾക്ക് കുടുംബത്തോടൊപ്പം നാട്ടിൽ തങ്ങാനാവാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി. ജയരാജൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന ചെറുകിട ബിസിനസ് സംരംഭകരുടെ വരുമാനം ഗണ്യമായി കുറയ്ക്കാൻ ഇത് ഇട വരുത്തും. 240 ദിവസമെങ്കിലും വിദേശത്ത് തങ്ങിയാലേ അവർക്ക്

നോൺ റസിഡന്റ് പദവി നിലനിറുത്താനാവൂ. നിലവിൽ ഇത് 182 ദിവസമാണ്. എണ്ണ റിഗ്ഗുകളിലും മറ്റും തൊഴിലെടുക്കുന്ന വ്യക്തികൾ ഒരു മാസം ഒഫ് ഡ്യൂട്ടിയായി നാട്ടിൽ വരാറുണ്ട്. ഇവരെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

കേരളത്തിന്റെ സാമ്പത്തികരംഗത്ത് ഗണ്യമായ സംഭാവന നൽകുന്നവരാണ് പ്രവാസി മലയാളികൾ. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ പതിനഞ്ച് ശതമാനത്തോളം വരും ഈ പുറം വരുമാനം.. ദേശീയ സാമ്പത്തിക മാന്ദ്യം കൂടി കണക്കിലെടുക്കുമ്പോൾ പുതിയ ഭേദഗതി നിർദ്ദേശം നടപ്പായാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വലിയ തിരിച്ചടി നേരിടും.

മറ്റേതെങ്കിലും വിദേശരാജ്യത്ത് നികുതി നൽകാത്ത ഇന്ത്യക്കാരനെ ഇന്ത്യൻ പൗരനായി കണക്കാക്കി നികുതി ചുമത്താനുള്ള നിർദ്ദേശം വ്യക്തിഗത ആദായനികുതിയോ ,ഇന്ത്യയുമായി ഇരട്ടനികുതി ഉടമ്പടിക്കരാറോ ഇല്ലാത്ത രാജ്യങ്ങളിൽ പണിയെടുക്കുന്നവർക്ക് ദോഷമാണ്. സാധാരണക്കാരും പരിമിത വരുമാനക്കാരുമായ പ്രവാസികളെ നിയമഭേദഗതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി.ജോസഫ്, വി.ഡി. സതീശൻ, എൻ.ഷംസുദ്ദീൻ എന്നിവർ ഭേദഗതികളവതരിപ്പിച്ച് സംസാരിച്ചു.