നെയ്യാറ്റിൻകര: കാളിപ്പാറ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമാണം ആരംഭിച്ചിട്ട് കാൽ നൂ​റ്റാണ്ട് പിന്നിട്ടിട്ടും പദ്ധതി കമ്മിഷൻ ചെയ്യാനായില്ല.ഉയർന്ന സമ്മർദ്ദത്തിലുള്ള ജല പ്രവാഹം കാരണം അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലാണ് പ്രധാന തടസം. നെയ്യാ​റ്റിൻകര തൊഴുക്കൽ വിതരണ ടാങ്കിൽ നിന്നും വരുന്ന കൂ​റ്റൻ പൈപ്പ് ആശുപത്രി ജംഗ്ഷനിലും ആലുമ്മൂട് ജംഗ്ഷനിലും അടുത്തിടെ തുടർച്ചയായി മൂന്നിലേറെ പ്രാവശ്യം പൊട്ടി. ഇതു കാരണം പദ്ധതിയുടെ ആദ്യ ഘട്ടനിർമാണം പോലും പൂർത്തിയാക്കാൻ ജലഅതോറി​ട്ടിക്കായില്ല. ഇപ്പോഴും പഴയ പൈപ്പ് മാ​റ്റി പുതിയ പൈപ്പിടൽ നടക്കുകയാണ്. കാട്ടാക്കട -തൊഴുക്കൽ റോഡ് ടാർ ചെയ്യുന്നത് വൈകിക്കുന്നതും ഇനിയും പൈപ്പ് ലൈനുകളിൽ പൊട്ടലുണ്ടാകുമോ എന്ന അധികൃതരുടെ ഭീതി കാരണമാണത്ര. കാളിപ്പാറയിലെ കൂ​റ്റൻ ഓവർ ഹെഡ് ടാങ്കിന്റെ നിർമാണം പൂർത്തീകരിക്കാനായെങ്കിലും നെയ്യാർ ഡാമിൽ നിന്നും വെള്ളം പമ്പ് ചെയ്യാനുള്ള കൂ​റ്റൻ പമ്പ് സ്ഥാപിക്കുന്നതിലെ അനിശ്ചിതത്വം ഇതുവരെ മാറിയിട്ടില്ല.

ആദ്യ ഘട്ടത്തിൽ ഒ​റ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി, വെള്ളറട, മലയം, മലയിൻകീഴ്, കാട്ടാക്കട പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതേ സമയം ഓലത്താന്നി,കാഞ്ഞിരംകുളം പ്രദേശങ്ങളിൽ ജലം എത്തിക്കാനായത് നേട്ടമാണ്.

കാളിപ്പാറ പദ്ധതി വൈകിയതോടെ നഗരസഭ 1.75 കോടി രൂപ മുടക്കു മുതലുള്ള ഈരാ​റ്റുപുറത്തുനിന്നും കുടിവെള്ളമെടുക്കുന്നതിനുള്ള പദ്ധതിക്ക് സർക്കാരിനോട് അംഗീകാരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാളിപ്പാറയുടെ പേരു പറഞ്ഞ് ഈ പദ്ധതിക്ക് അംഗീകാരം നിഷേധിച്ചു. കഴിഞ്ഞ നഗരസഭയുടെ ഭരണ കാലത്ത് നഗരത്തിലെ മുഴുവൻ പ്രദേശത്തും പൈപ്പിട്ടതാണ്. എന്നിട്ടും പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.വേനലാരംഭിച്ചതോടെ കാളിപ്പാറ പ്രശ്നം വീണ്ടും തലപൊക്കുകയാണെന്നാണ് പൊതുജനസംസാരം.

സംസ്ഥാന സർക്കാരിന്റെ സാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാളിപ്പാറ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയിലും പതിനൊന്ന് പഞ്ചായത്തുകളിലുമായി കുടിവെള്ളമെത്തിക്കാൻ കോടികളാണ് സർക്കാർ അനുവദിച്ചത്. പദ്ധതി ആരംഭിച്ച കാലത്ത് പണമായിരുന്നു പദ്ധതിക്ക് തടസമായിരുന്നത്. എന്നാലിപ്പോൾ പണം ഒരു തടസമല്ലാതായി. പക്ഷേ ഉദ്യോഗസ്ഥരുടെ അനാസ്ഥ പദ്ധതിക്ക് തടസമായി.സതേൺ റെയിൽവേ മറി കടന്ന് പൈപ്പ് സ്ഥാപിക്കുവാൻ കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുവദിക്കാത്തതും പദ്ധതിക്ക് തിരിച്ചടിയായി.

നെയ്യാർജലം തടയണ ഉപയോഗിച്ച് തടഞ്ഞു നിറുത്തി പദ്ധതി നടപ്പാക്കാമെന്നിരിക്കെ കാർഷികാവശ്യത്തിനായി കമ്മിഷൻ ചെയ്ത നെയ്യാർ അണക്കെട്ടിൽ നിന്നും കുടിവെള്ളത്തിനായി പദ്ധതി നടപ്പാക്കുന്നതിൽ നേരത്തെ എതിർപ്പുണ്ടായി.