arrest-faziludeen

വർക്കല: ഇരുനൂറിലധികം കേസുകളിൽ പ്രതിയായ അന്തർജില്ലാ മോഷ്ടാവും കൂട്ടാളികളായ രണ്ട് സ്ത്രീകളും അറസ്റ്റിൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലെ കവർച്ച കേസുകളിൽ പ്രതിയായ കഴക്കൂട്ടം മേനംകുളം പുത്തൻതോപ്പ് ചിറയ്ക്കൽ വീട്ടിൽ സെഞ്ച്വറി ഫസിലുദ്ദീൻ എന്ന ഫസിലുദ്ദീനെയും കൂട്ടാളികളായ സ്ത്രീകളെയുമാണ് വർക്കല പൊലീസ് അറസ്റ്റു ചെയ്തത്. 2019 ഒക്ടോബറിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ശേഷം കഠിനംകുളം മംഗലപുരം,വർക്കല,നഗരൂർ,പുനലൂർ,പാരിപ്പള്ളി എന്നിവിടങ്ങളിലായി പത്തോളം വീടുകളിൽ നിന്ന് നൂറ് പവനോളം പ്രതി കവർന്നിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഫസിലുദ്ദീൻ കവർച്ച ചെയ്യുന്ന സ്വർണാഭരണങ്ങൾ മുഴുവൻ സഹോദരി കണിയാപുരം ചിറയ്ക്കൽ ആറ്റരികത്തുവീട്ടിൽ ഷാഹിദ (55), കണിയാപുരം ചിറയ്ക്കൽ ആറ്റരികത്തുവീട്ടിൽ അസീല (32) എന്നിവരാണ് വിറ്റഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണ മുതൽ കൈമാറ്റം ചെയ്തതിനും ഒളിപ്പിച്ചുവച്ചതിനുമാണ് രണ്ട് സ്ത്രീകളെയും അറസ്റ്റു ചെയ്തത്. വിവിധ കേസുകളിലായി 18 വർഷത്തോളം ഫസിലുദ്ദീൻ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പച്ചക്കറി ഉന്തുവണ്ടിയിൽ കച്ചവടം ചെയ്തും ആക്രിസാധനങ്ങൾ ശേഖരിക്കാനായി നടന്നും പകൽ സമയം ആളില്ലാത്ത വീടുകൾ നോക്കിവച്ച ശേഷം രാത്രിയിലാണ് കവർച്ച . ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിൽ വർക്കല പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. ഗോപകുമാർ, വർക്കല എസ്.ഐ ശ്യാം.എം.ജി, പ്രൊബേഷൻ എസ്.ഐ പ്രവീണ്‍ .വി.പി, ജി.എസ്.ഐമാരായ ഷാബു,സുനിൽ,എ.എസ്.ഐമാരായ നവാസ്, ബിജു,സി.പി.ഒമാരായ ബിന്ദു,മായാലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.