diamond

തിരുവനന്തപുരം : വജ്ര - രത്‌നങ്ങളുടെ അനധികൃത കടത്തുകേന്ദ്രമായി തലസ്ഥാനം മാറുന്നു. ഒരാഴ്‌ചയ്ക്കിടെ രഹസ്യമായി കൊണ്ടുവന്ന 40 ലക്ഷത്തിന്റെ രത്നങ്ങളാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടു ലക്ഷം രൂപയുടെ രത്നങ്ങളുമായി രാജസ്ഥാൻ സ്വദേശിയെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. ജയ് പൂർ റാംനഗർ കോളനി സ്വദേശി പന്തംചന്ദ് (52) ആണ് പിടിയിലായത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ബാഗുമായി നിന്ന പന്തംചന്ദിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് രത്നങ്ങൾ കണ്ടെടുത്തത്.

വജ്രം, ഗോമേതകം, പവിഴം ഇനങ്ങളിൽപ്പെട്ട രത്നങ്ങളാണ് പിടിച്ചത്. വിദേശികൾക്ക് ഉൾപ്പെടെ വില്പനയ്ക്കായി എത്തിച്ചതാണെന്നാണ് സൂചന. തമിഴ്നാട് സംഘങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

രത്നങ്ങളുടെ കേന്ദ്രമായ രാജസ്ഥാനിൽ നിന്ന് ഇത് മാർവാടി സംഘങ്ങൾക്ക് കൈമാറാൻ കൊണ്ടു വന്നതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കപ്പൽ മാർഗം മറ്റു രാജ്യങ്ങളിലേക്ക് കടത്താനായി എത്തിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 30 ന് രാത്രിയിൽ തമ്പാനൂർ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ നിന്ന് 28 ലക്ഷം രൂപയുടെ വജ്രവുമായി അഞ്ചുപേരെ തമ്പാനൂർ പൊലീസ് പിടികൂടിയിരുന്നു.

കോഴിക്കോട് സ്വദേശികളായ അബ്ദുൽ ഷുക്കൂർ, ഹസനൂർ അഹമ്മദ്, നെയ്യാറ്റിൻകര സ്വദേശി കുമാർ, തമിഴ്നാട് സ്വദേശികളായ ജയപാൽ, മണി എന്നിവരാണ് വജ്രവുമായി പിടിയിലായത്.

വജ്ര കടത്തിന്റെ കേന്ദ്രമായി തലസ്ഥാനം മാറുന്നതു സംബന്ധിച്ച് റവന്യൂ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.