agri

തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക വളർച്ച താഴോട്ടെന്ന് സാമ്പത്തികാവലോകന റിപ്പോർട്ട്. 2018-19ൽ സംസ്ഥാനത്തെ കാർഷിക വളർച്ച -0.5 ശതമാനം ആണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേ സമയം മത്സ്യബന്ധനം അക്വാകൾച്ചർ എന്നീ മേഖലകളിൽ വളർച്ചയുണ്ടായി.

ദേശീയ തലത്തിൽ കാർഷിക മേഖല 5 ശതമാനം വളർച്ചാ നിരക്ക് നേടിയപ്പോഴാണ് കേരളത്തിൽ നെഗറ്രീവ് വളർച്ച ഉണ്ടായിരിക്കുന്നത്. സംസ്ഥാന ജി.എസ്.ഡി.പിയിൽ കാർ‌ഷിക മേഖലയുടെ വിഹിതം 2013-14ൽ 12.37ശതമാനമായിരുന്നെങ്കിൽ 2018-19ൽ അത് അത് 8.77 ശതമാനമായി കുറഞ്ഞു. 2018 ആഗസ്തിലും അടുത്ത വർഷവും ഉണ്ടായ പ്രളയം കാർഷിക അനുബന്ധമേഖലകളിലെ നാശത്തിന് ഇടയാക്കിയിരുന്നു. 30945 ഹെക്ടറിലെ ദീർഘകാല വിളകൾക്ക് പ്രളയത്തിൽ നഷ്ടമുണ്ടായി. ഭൂവിനിയോഗത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റവും ഭക്ഷ്യ സുരക്ഷയ്ക്കും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വ്യവസായത്തിൽ വളർച്ച

സംസ്ഥാനത്ത് വ്യവസായ മേഖലയിൽ ശ്രദ്ധേയമായ വളർച്ച. 2014-15 ൽ ആഭ്യന്തര വരുമാനത്തിൽ വ്യവസായമേഖലയുടെ വിഹിതം 9.8 ശതമാനമായിരുന്നെങ്കിൽ 2018-19ൽ അത് 13.2 ശതമാനമായി ഉയർന്നു.ദേശീയ ഫാക്ടറി ഉൽപ്പാദനത്തിൽ കേരളത്തിന്റെ വിഹിതം 1.2 ശതമാനത്തിൽ നിന്ന് 1.6 ശതമാനമായി ഉയർന്നു. ഇതിന്റെ മുഖ്യകാരണം പൊതുമേഖലയിലെ കുതിപ്പാണ്.
ചെറുകിട വ്യവസായമേഖലയിൽ 13826 പുതിയ യൂണിറ്റുകളാണ് 2018- 19ൽ ആരംഭിച്ചത്.
കേരളത്തിലെ ഐ.ടി മേഖലയിലും ശ്രദ്ധേയമായ വളർച്ചയുണ്ടായിട്ടുണ്ട്. ഇന്റർനെറ്റ് ലഭ്യതാ നിരക്ക് 54 ശതമാനാണ്. ഇത്‌ ദേശീയശരാശരിയെക്കാൾ വളരെ ഉയർന്നതാണെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.