മുംബയ് : കളിക്കാരനെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിനെ അടുത്തറിഞ്ഞിട്ടുള്ള മുൻ ആസ്ട്രേലിയൻ ക്യാപ്ടൻ സ്റ്റീവ് വോ കഴിഞ്ഞമാസം 17 ദിവസം വ്യത്യസ്തമായ ഒരു ക്രിക്കറ്റ് ദൗത്യവുമായി ഇന്ത്യയിലുണ്ടായിരുന്നു. ബാറ്റും ബാളുമല്ല കാമറയായിരുന്നു ഇൗ യാത്രയിൽ വോയുടെ ആയുധം.

ഫോട്ടോഗ്രാഫി കമ്പക്കാരനായ സ്റ്റീവ് വോ ഇന്ത്യയിലെ ക്രിക്കറ്റിനെക്കുറിച്ചുള്ള ഫോട്ടോ ഫീച്ചർ പുസ്തകവും ഡോക്യുമെന്ററിയും തയ്യാറാക്കനാണെത്തിയത്. മുംബയ്, ബാംഗ്ളൂർ, ഡൽഹി, ആഗ്ര, മഥുര, ബറോഡ, ജോധ്പൂർ, അമൃത്സർ, ധർമ്മശാല, കൊൽക്കത്ത എന്നിവിടങ്ങളൊക്കെ സന്ദർശിച്ച് ക്രിക്കറ്റും ജനങ്ങളും തമ്മിലുളള വൈകാരിക ബന്ധം വിശദമാക്കുന്ന ചിത്രങ്ങളെടുത്തു.

നഗരങ്ങളിലെ ഗള്ളി ക്രിക്കറ്റ് മുതൽ പാടശേഖരങ്ങളിലെ കളിവരെ വോയുടെ കാമറയിലെ ഫ്രെയിമുകളായ സച്ചിനും ദ്രാവിഡും ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ രഞ്ജി താരം വസന്ത് റൈജിയും ഉൾപ്പെടെയുള്ളവർ മോഡലുകളായി.വോ തന്നെയാണ് സച്ചിനെയും ദ്രാവിഡിനെയും വസന്ത് റൈജിക്കൊപ്പമെത്തിക്കാൻ മുൻ കൈ എടുത്തത്. ഇന്ത്യയിലെ സാധാരണക്കാർക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശമാണ് തന്നെ ഇങ്ങനെയൊരു പുസ്തകം തയ്യാറാക്കാൻ പ്രേരിപ്പിച്ചതെന്ന് വോ പറഞ്ഞു.

വരുന്ന ജൂലായിൽ ഇന്ത്യൻ ക്രിക്കറ്റിനെകുറിച്ചുള്ള തന്റെ പുസ്തകം ഇറക്കാനാണ് വോയുടെ പദ്ധതി.