തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് മഹത്തായ കായിക സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കായികവകുപ്പ് സ്‌പോർട്‌സ് കേരള മാരത്തൺ 2020 സംഘടിപ്പിക്കുന്നു. ആദ്യ മത്സരം മാർച്ച് ഒന്നിന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുമെന്ന് കായികമന്ത്രി ഇ.പി.ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 8ന് കോഴിക്കോട്,​ 15 ന് എറണാകുളം,​ 22ന് തിരുവനന്തപുരത്തും ശംഖുംമുഖത്ത് മെഗാമാരത്തൺ നടക്കും കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ മിനി മാരത്തോണാണ് സംഘടിപ്പിക്കുക. കോഴിക്കോട് ബീച്ചും എറണാകുളത്ത് വെല്ലിങ്ടൺ ഐലൻഡുമാണ് വേദി. മാരത്തോണിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. മെഗാ മാരത്തണിന് ആകെ 10 ലക്ഷം രൂപയാണ് സമ്മാനം. ജില്ലകളിൽ നടക്കുന്ന മിനി മാരത്തണിന് രണ്ട് ലക്ഷം രൂപ വീതം സമ്മാനം നൽകും. മിനി മാരത്തോണിൽ മൂന്ന്, അഞ്ച്, പത്ത്, 21 കിലോമീറ്ററുകളിലാണ് മത്സരം. മെഗാമാരത്തോണിൽ 3, 5, 10, 21, 42 കിലോമീറ്റർ മത്സരങ്ങളും നടക്കും. രജിസ്‌ട്രേഷന് www.keralamarathon.com സന്ദർശിക്കുക. വാർത്താസമ്മേളനത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, കായിക യുവജനകാര്യ ഡയറക്ടർ ജെറോമിക് ജോർജ് തുടങ്ങിയവരും പങ്കെടുത്തു.