തിരുവനന്തപുരം: തെക്കിന്റെ കൊച്ചു പാദുവ എന്ന പേരിൽ പ്രശസ്തമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാൾ 11 ന് ആരംഭിക്കും. വൈകിട്ട് 3 ന് ആരംഭിക്കുന്ന വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള കൊച്ചുപള്ളിയിൽ സമർപ്പിച്ച വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം വഹിച്ചുള്ള തീർഥാടന ഘോഷയാത്ര പള്ളിയിലെത്തുന്ന മുറയ്ക്ക് ഇടവക വികാരി ഫാ: ജോയിമത്യാസ് കൊടിയേറ്റുന്നതോടെ 23 വരെ നീണ്ടു നിൽക്കുന്ന തുരുന്നാളിന് തുടക്കമാകും. 11 ന് രാവിലെ 7ന് കൊച്ചുപള്ളിയിൽ നടത്തുന്ന തീർഥാടനോദ്ഘാടന ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺ ജോസഫ് ചിന്നയ്യൻ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപത്തിന് കിരീടം ചാർത്തും. രാവിലെ 10ന് നടത്തുന്ന ദിവ്യബലിക്ക് കൊല്ലം രൂപതാ ബിഷപ്പ് ഡോ: സ്റ്റാൻലി റോമൻ മുഖ്യ കാർമികത്വം വഹിക്കും. രാത്രി 7 ന് തിരുന്നാൾ സൗഹൃദ സന്ധ്യ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 6 ന് പ്രഭാത നമസ്‌ക്കാരം, വൈകിട്ട് 5 ന് ജപമാല, ലിറ്റിനി, നൊവേന, 6 ന് സമൂഹ ദിവ്യബലി എന്നിവ നടത്തും. 13 ന് വൈകിട്ട് 7.30 ന് 50 വർഷം പൂർത്തിയാക്കിയ ദമ്പതികളേയും വിരമിച്ച അധ്യാപകരേയും ആദരിക്കുന്ന പ്രണാമ സന്ധ്യ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും 16 ന് വൈകിട്ട് 7 ന് ലഹരി വിരുദ്ധ സമ്മേളനം ശശി തരൂർ എംപിയും ഉദ്ഘാടനം ചെയ്യും. 18ന് രാത്രി 7.30 ന് വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 20 ന് വൈകിട്ട് 7.30 ന് വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ പ്രേഷിത പ്രവർത്തനങ്ങളുടെ 275–ാം വാർഷികാഘോഷങ്ങളുടേയും സുവിശേഷ വത്ക്കരണത്തിന്റെ 307–ാം വാർഷികവും മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. 21 ന് രാത്രി 7.30 ന് ദിവ്യ കാരുണ്യ പ്രദക്ഷിണം. 22 ന് വൈകിട്ട് 4 ന് ചപ്ര പ്രദക്ഷിണം. 23 ന് രാവിലെ 9.30 ന് നടത്തുന്ന തിരുന്നാൾ സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് ഡോ: വിൻസെന്റ് സാമുവലും വൈകിട്ട് 4.30ന് നടത്തുന്ന സമാപന സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസും മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് 5 ന് തിരുന്നാൾ കൊടിയിറക്ക്.