തിരുവനന്തപുരം: ഗുണ്ടാപ്പിരിവു നൽകാത്ത വൈരാഗ്യത്തിൽ മർദ്ദിച്ച് അവശനാക്കിയ ശേഷം ശരീരത്തിലൂടെ ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയ സംഭവത്തിലെ മുഴുവൻ പ്രതികളെയും ഒരാഴ്ചക്കകം അറസ്റ്റു ചെയ്തില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് മർദ്ദനത്തിനിരയായ പാറശാല കാരാളി തേരുവിള വീട്ടിൽ സെന്റിൽ റോയിയുടെ മാതാവ് ചന്ദ്രിക വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ചന്ദ്രിക ആരോപിച്ചു. പുതുവർഷ ദിനം രാത്രി ഒന്നരയ്ക്കാണ് സംഭവം. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സെന്റിൽ റോയിയെ മർദിച്ചത്. 7 പേർക്കെതിരേ പാറശാല പൊലീസ് കേസെടുത്തെങ്കിലും രണ്ടു പേരെ മാത്രമേ ഇതുവരെ അറസ്റ്റു ചെയ്തിട്ടുള്ളൂ. ഒന്നാം പ്രതി അടക്കമുള്ളവർ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ കേസ് അന്വേഷിച്ചിരുന്ന പാറശാല സർക്കിൾ ഇൻസ്‌പെക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. ഇതിനു ശേഷം കേസന്വേഷണം പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്. വാരിയെല്ലുകളും തലയോട്ടിയും പൊട്ടുകയും ശരീരമാസകലം ക്ഷതമേൽക്കുകയും ചെയ്ത സെന്റിൽ ഒരു മാസമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്ത 11 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തണമെന്ന വ്യാധിയിലാണെന്നും ചന്ദ്രിക പറഞ്ഞു.