തിരുവനന്തപുരം:കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന്റെ വികസന പദ്ധതികളെയും രാജ്യത്തെ ജനങ്ങളെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ ആസ്ഥാനങ്ങളിൽ സി.പി.എം ബഹുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് നടത്തിയ മാർച്ചിൽ പതിനായിരങ്ങൾ അണിനിരന്നു. പ്രളയത്തിലും പ്രകൃതി ദുരന്തങ്ങളിലും തകർന്ന കേരളത്തിന്റെ പുനർ നിർമാണപ്രവർത്തനങ്ങളോട് മുഖം തിരിച്ച കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. തലസ്ഥാനത്തു നടന്ന ജി.പി.ഒ ഓഫീസ് മാർച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. അജയകുമാർ, ആർ. രാമു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ജയൻ ബാബു സ്വാഗതം പറഞ്ഞു.