തിരുവനന്തപുരം: അമ്മയെത്തി, കൈമനത്തെ മഠം ബ്രഹ്മസ്ഥാനവാർഷികത്തിനായി ഉണർന്നു. ഇനി രണ്ടുനാൾ ഭക്തിയുടെയും ആഘോഷത്തിന്റെയും ഉത്സവം. വൈകിട്ട് 3ന് വിദേശശിഷ്യർ, മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി, അമൃതഗീതാനന്ദപുരി, സ്വാമിനി അമൃത പ്രാണ എന്നിവരുമുൾപ്പെടെ അഞ്ഞൂറോളം പേരുടെ അകമ്പടിയോടെയാണ് മാതാ അമൃതാനന്ദമയി കൈമനത്തെത്തിയത്. ആശ്രമകവാടത്തിൽ ശിവാമൃത ചൈതന്യയും അമൃതോത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്നു അമ്മയെ സ്വീകരിച്ചു. ഹരികുമാർ അമ്മയെ പൂർണകുംഭം നൽകി സ്വീകരിച്ചു. രാജീവ് കെ.നായർ ഹാരാർപ്പണം നടത്തി. ചന്ദ്രമോഹൻ, ചിത്ര എന്നിവർ പാദപൂജ അർപ്പിച്ചു. കൈമനം മഠത്തിന്റെ 28ാമത് വാർഷികമാണിത്.
വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് രാവിലെ 5.30ന് ലളിതാ സഹസ്രനാമ അർച്ചനയോടെ പൂജകൾ ആരംഭിക്കും. 6ന് മഹാഗണപതി ഹോമം,7ന് സമൂഹ രാഹു പൂജ, 8ന് ശ്രീ ലളിതാ സഹസ്രനാമ പുഷ്പാഞ്ജലി, 9 ന് നവഗ്രഹ ഹോമം, തുടർന്ന് 10.30ന് അമ്മയുടെ നേതൃത്വത്തിൽ സത്സംഗം ഭജന, ധ്യാനം തുടർന്ന് ദർശനം.
വൈകിട്ട് 7ന് കാളിപൂജ നടക്കും. രണ്ടു ദിവസം നീണ്ടുനിന്ന കോഴിക്കോട് ബ്രഹ്മസ്ഥാനപ്രതിഷ്ഠാവാർഷിക ആഘോഷങ്ങൾക്കു ശേഷമാണ് അമ്മ കൈമനത്തെത്തിയത്.