തിരുവനന്തപുരം : സീസണിൽ പൊട്ടിപ്പൊളിഞ്ഞ് എട്ടാം സ്ഥാനത്തായ കേരള ബ്ളാസ്റ്റേഴ്സ് പുതിയ പരിശീലകനെ തേടുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞമാസം എഫ്.സി ഗോവ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ച സെർജിയോ ലൊബേറയെ കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുകയാണ്.
കഴിഞ്ഞ സീസണിൽ നോർത്ത് ഇൗസ്റ്റിൽനിന്ന് എത്തിയ എൽക്കോ ഷാറ്റോറിക്ക് ബ്ളാസ്റ്റേഴ്സ് കോച്ചെന്ന നിലയിൽ കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. മുഖ്യ താരങ്ങളുടെ പരിക്ക് കാരണം വട്ടം കറങ്ങിപ്പോയ ഷാറ്റോരിക്ക് 15 മത്സരങ്ങളിൽ മൂന്നേ മൂന്ന് ജയങ്ങൾ മാത്രമേ നൽകാനായുള്ളൂ. ഏഴ് മത്സരങ്ങൾ തോൽക്കുകയും ചെയ്തു. ഇതോടെ ഷാറ്റോറിയെ മാറ്റാൻ സമ്മർദ്ദം ശക്തമായിട്ടുണ്ട്.
മോശം പ്രകടനം കൊണ്ടല്ല, ക്ളബ് ഉടമകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ലൊബേറ ഗോവ വിട്ടത്. ഗോവക്കാർ പ്ളേ ഒഫ് ഉറപ്പിച്ചിരിക്കുകയാണണ്. പരിശീലകനെന്ന നിലയിലെ ലൊബേറയുടെ മികവും പരിചയസമ്പത്തും പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റിന്.
അതേസമയം പ്ളേ ഒാഫിലെത്തില്ലെന്ന് ഉറപ്പായിക്കഴിഞ്ഞ ബ്ളാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനെ നേരിടും. 13 മത്സരങ്ങളിൽനിന്നും 11 പോയിന്റുള്ള നോർത്ത് ഇൗസ്റ്റ് 14 പോയിന്റുള്ള ബ്ളാസ്റ്റേഴ്സിനും പിന്നിൽ ഒൻപതാം സ്ഥാനത്താണ്. ഗോഹട്ടിയിൽ രാത്രി 7.30 നാണ് കിക്കോഫ്.