തിരുവനന്തപുരം: ആഗോളതലത്തിലും ഇന്ത്യയിലും സാമ്പത്തിക മാന്ദ്യത്തിന്റെ ശക്തമായസൂചന നിലനിൽക്കേ, വളർച്ചയുടെ സൂചന പ്രകടിപ്പിച്ച് കേരളത്തിന്റെ സാമ്പത്തിക മേഖല.
ഇന്ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിന് മുന്നോടിയായി ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്കിലേതാണ് ഈ വസ്തുത. മൊത്തആഭ്യന്തര ഉത്പാദനത്തിൽ 161374 കോടിയും പ്രതിശീർഷ വരുമാനത്തിൽ 10.9 ശതമാനവും വർദ്ധിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച മുൻവർഷത്തെ 7.3ശതമാനത്തിൽ നിന്ന് 7.5ശതമാനമായി ഉയർന്നു.ആളോഹരി പ്രതിശീർഷ വരുമാനം 148078 രൂപയാണ്. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതൽ. 93655 രൂപയാണ് ദേശീയ ശരാശരി. മത്സ്യബന്ധനം, വ്യാപാരം, ഐ.ടി, ഹോട്ടൽ,റെസ്റ്റോറന്റ് ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യം, സേവനം,ടൂറിസം എന്നീ മേഖലകളിലെ മുന്നേറ്റമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ശുഭസൂചനയ്ക്ക് ആധാരം..
കാർഷിക വളർച്ച താഴേയ്ക്ക്
അതേ സമയം സംസ്ഥാനത്ത് കാർഷിക മേഖലയിൽ വളർച്ച മുരടിച്ചു. 1.7 ശതമാനമായിരുന്ന മുൻവർഷത്തെ വളർച്ച ഇക്കുറി 0.5ശതമാനമായി കുറഞ്ഞു.
വളർച്ചയുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ നിഴലിലാണ് സംസ്ഥാനം.
വരവിൽ 8770.29കോടിയുടെ കുറവ്.
വരവും ചെലവും തമ്മിലുള്ള അന്തരം 26290.58 കോടിയായി കൂടി.
കടം പെരുകി 2,64ലക്ഷം കോടിയിലെത്തി.
ചെലവിൽ 45.79 ശതമാനവും ശമ്പളവും പെൻഷനും നൽകാൻ. പ്രളയവും ചുഴലിക്കാറ്റും നികുതി പിരിവിൽ ലക്ഷ്യം കൈവരിക്കാനാവാത്തതും തിരിച്ചടിയായി
സംസ്ഥാനത്തെ
പൊതുകടം
(2012 മുതലുള്ള കണക്ക് കോടിയിൽ)
2012-13 :103,560.84
2013-14: 119,009.07
2014-15 :135,440.25
2015-16 :157,370.33
2016-17 :186,453.86
2017-18 :210,762.35
2018-19: 235,631.50
2019-20 :264,459.29