തിരുവനന്തപുരം: അർബുദ മുഴ നീക്കിയശേഷം രോഗിയുടെ വായിൽ രോമം വളരുന്നതായ പരാതി അന്വേഷിക്കാൻ മന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടു. ആർ.സി.സിയിൽ ശസ്ത്രക്രിയ്ക്ക് വിധേയനായ വെള്ളറട സ്വദേശിയാണ് പരാതി ഉന്നയിച്ചത്. വായിലെ അർബുദ മുഴ നീക്കിയശേഷം ഡോക്ടർമാർ കീഴ്‌ത്താടിയിലെ ചർമം വച്ച് പിടിപ്പിച്ചു. ഈ ചർമത്തിൽ രോമവളർച്ചയുണ്ടായതിനാൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായാണ് പരാതി.
പതിവായി ഇത്തരത്തിലാണ് ശസ്ത്രക്രിയ നടത്താറുള്ളതെന്ന് ആർ.സി.സിയിൽനിന്ന് പ്രാഥമിക വിശദീകരണം ലഭിച്ചതായി മന്ത്രി പറഞ്ഞു. ചുരുക്കം ചിലരിൽ രോമവളർച്ച കാണാറുണ്ട്. ഇത് ലേസർ ചികിത്സയിലൂടെ പരിഹരിക്കുകയാണ് പതിവെന്നും ഡോക്ടർമാർ പറഞ്ഞു. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആർ.സി.സി ഡയറക്ടർക്ക് നിർദ്ദേശം നൽകി. കുറ്റക്കാരെന്ന് തെളിഞ്ഞാൽ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.