തിരുവനന്തപുരം/ ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തള്ളിപ്പറയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ നിയമസഭയിലെ പരാമർശം രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആയുധമാക്കിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരങ്കത്തിന് വഴിതുറന്നു.
സംസ്ഥാനത്തെ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധങ്ങളിൽ തീവ്ര നിലപാടുള്ള ചിലർ കടന്നുകൂടിയിട്ടുണ്ടെന്നും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയെന്ന് മോദി പറഞ്ഞു. അങ്ങനെയെങ്കിൽ കേരളത്തിന് അനുവദിക്കാനാകാത്തത് എങ്ങനെ ഡൽഹിയിൽ അനുവദിക്കും. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യം ഇടതുപക്ഷം തിരിച്ചറിയണമന്നും മോദി ആവശ്യപ്പെട്ടു.
മോദിയുടെ പരാമർശത്തിൽ ഇടത് എം.പിമാരായ ടി.കെ. രംഗരാജൻ, എളമരം കരീം, കെ.കെ. രാജേഷ്, കെ. സോമപ്രസാദ് തുടങ്ങിയവർ പ്രതിഷേധിച്ചു. പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും വാക്കുകൾ വളച്ചൊടിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തു.
അങ്കമാലിയിലെ മഹല്ല് കമ്മിറ്റി നടത്തിയ പൗരത്വഭേദഗതിവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗം റോജി എം.ജോൺ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് എസ്.ഡി.പി.ഐക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. എസ്.ഡി.പി.ഐ എന്ന തീവ്രവാദി വിഭാഗം പ്രക്ഷോഭങ്ങളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഇടതുപക്ഷത്തിന് സംസ്ഥാനത്ത് മേൽക്കൈയുണ്ടായിട്ടുണ്ടെന്ന പൊതുവിലയിരുത്തലുണ്ട്. ലീഗ് അനുഭാവികൾ ഉൾപ്പെടെ മനുഷ്യ മഹാശൃംഖലയിൽ അണിചേർന്നതും അതിന് മുന്നോടിയായി മുഖ്യമന്ത്രി പങ്കെടുത്ത ഭരണഘടനാ സംരക്ഷണ സദസുകളിലെ ജനപങ്കാളിത്തവും ഇത് വ്യക്തമാക്കുന്നു. മനുഷ്യ മഹാശൃംഖലയ്ക്ക് ബദലായാണ് യു.ഡി.എഫ് മനുഷ്യ ഭൂപടം പരിപാടി നടത്തിയത്.
ഇടതു മേൽക്കൈ തിരിച്ചറിഞ്ഞാണ് പന്തീരാങ്കാവിലെ യു.എ.പി.എ കേസുൾപ്പെടെ ആയുധമാക്കി സഭയിൽ പ്രതിപക്ഷം ആക്രമണം ശക്തമാക്കിയത്. പ്രതിപക്ഷ സമ്മർദ്ദമാണ് യു.എ.പി.എ കേസ് എൻ.ഐ.എ ഏറ്റെടുത്തതിനെതിരെ കേന്ദ്രത്തിന് കത്തെഴുതാൻ മുഖ്യമന്ത്രിയെ നിർബന്ധിതനാക്കിയതും. അതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം കൂടി വന്നത്. വരും ദിവസങ്ങളിൽ ആക്രമണം കനപ്പിക്കാൻ യു.ഡി.എഫിന് ഇത് അപ്രതീക്ഷിത ആയുധവുമായി.
പിണറായി നിയമസഭയിൽ പറഞ്ഞത്:
'മഹല്ല് കമ്മിറ്റികളെല്ലാം ധാരാളം പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. ആ പ്രക്ഷോഭങ്ങൾ സമാധാനപരമായി നടത്താനവർ ശ്രദ്ധിച്ചിട്ടുമുണ്ട്. എന്നാൽ ഇതിൽ കാണേണ്ട ഒരു വസ്തുതയുണ്ട്. നാട്ടിൽ എസ്.ഡി.പി.ഐ തീവ്രവാദപരമായി ചിന്തിക്കുന്ന വിഭാഗമാണ്. അവർ ചിലയിടത്ത് നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. അത്തരം കാര്യങ്ങൾക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുമുണ്ടായിട്ടുണ്ടാകാം. അവർ അക്രമപ്രവർത്തനങ്ങളിലേർപ്പെട്ടാൽ, നിയമവിരുദ്ധമായ കാര്യങ്ങളിലേർപ്പെട്ടാൽ... (പ്രതിപക്ഷ ബഹളം)...
(മുഖ്യമന്ത്രി ശബ്ദമുയർത്തുന്നു) എസ്.ഡി.പി.ഐയെ പറയുമ്പോൾ നിങ്ങൾക്കെന്തിനാണ് പൊള്ളുന്നത്? എസ്.ഡി.പി.ഐയെ സംരക്ഷിക്കേണ്ട കാര്യം ഇവർക്കെന്താണ്?'
മോദി രാജ്യസഭയിൽ പറഞ്ഞത്
'' ഇടതുപക്ഷ അംഗങ്ങളുടെ അറിവിലേക്കായി പറയുകയാണ്. പൗരത്വ വിരുദ്ധ നിയമ പ്രതിഷേധങ്ങളിൽ തീവ്രനിലപാട് വച്ചുപുലർത്തുന്ന ചിലർ കടന്നുകൂടിയിട്ടുണ്ടെന്ന് കേരള മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അവർക്കെതിരെ കർശന നടപടിക്കും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിന് നൽകാത്ത പിന്തുണ ഇടതുപക്ഷം എങ്ങനെയാണ് പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രതിഷേധങ്ങളിൽ രാജ്യത്തെ മറ്റിടങ്ങളിൽ നൽകുക''