
വിഴിഞ്ഞം: യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ വീടിന് നേരെ അഞ്ചംഗ മുഖംമൂടി സംഘത്തിന്റെ ആക്രമണം. തൊട്ടടുത്തകടയും വീടിനുള്ളിലെ ഫർണിച്ചറും അടിച്ച് തകർത്തു. വ്യാഴാഴ്ച്ച പുലർച്ചെ 2.30 ഓടെ കോട്ടുകാൽ കൊല്ലംകോണം പയറ്റുവിള മണ്ണാംതോട്ടത്തായിരുന്നു സംഭവം. യൂത്ത് കോൺഗ്രസിന്റെ കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് വിഷ്ണുവിന്റെ വീടിനു നേരെയായിരുന്നു ആക്രമണം. തടയാനെത്തിയ വിഷ്ണുവിന്റെ അമ്മ രാഗിണിയെ തറയിൽ തള്ളിയിട്ടു പരിക്കേൽപ്പിപിച്ചു. ഇവരെ പുല്ലുവിള ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ അനുജത്തി ജയശ്രീയുടെ
വീടിനോട് ചേർന്നുളള മുറിയിലാണ് വിഷ്ണും അമ്മയും വർക്ക്‌ഷോപ്പ് ജീവനക്കാരനായ വിശാഖും താമസിക്കുന്നത്. പുലർച്ചെ വീട്ടു പരിസരത്ത് തമ്പടിച്ച സംഘത്തിലെ ഒരാൾ വീട്ടിലെത്തി ബൈക്കിന്റെ പെട്രോൾ തീർന്നുപോയതിനാൽ സഹായത്തിനായി വിഷ്ണുവിനെ വിളിക്കാൻ ആവശ്യപ്പെട്ടു. വിഷ്ണു സ്ഥലത്തില്ലെന്ന് പറഞ്ഞതോടെ ഇയാൾ മടങ്ങി. തൊട്ടുപിന്നാലെ മുഖം തുണിക്കൊണ്ട് കെട്ടി മറച്ചശേഷം കമ്പും തടികളുമായെത്തിയ അഞ്ചംഗ സംഘം ആദ്യം വീടീനോട് ചേർന്നുള്ള പെട്ടിക്കടയുടെ തകരവാതിൽ അടിച്ച് തകർത്തു. തുടർന്ന് കടയ്ക്കകത്ത് കയറി അവിടെയുണ്ടായിരുന്ന വസ്തുക്കൾ തല്ലിതകർത്തു. ശേഷം വീടിനുള്ളിൽ കയറി എല്ലാം അടിച്ച് തകർക്കുകയായിരുന്നെന്ന് പരിക്കേറ്റ രാഗിണിയും ജയശ്രീയും വിഴിഞ്ഞം പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് വിഴിഞ്ഞം എസ്.ഐ. എസ്.എസ്.സജി. ക്രൈം എസ്.ഐ. ജി.കെ.രജ്ഞിത്ത് എന്നിവരുടെ നേത്യത്വത്തിലെത്തിയ പൊലീസ് സംഘം വീടും പരിസരവും പരിശോധിച്ചു. ജയകുമാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കോട്ടുകാൽ, നെല്ലിക്കുന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ. പ്രതിഷേധ പ്രകടനം നടത്തി.