ദേശീയ മത്സരത്തിന്റെ തലേന്ന്
ഫിസിക്കൽ ടെസ്റ്റ്, കായിക താരത്തിന്
പരിക്ക്
തിരുവനന്തപുരം : ദേശീയ മത്സരങ്ങൾക്ക് പോകാനിരുന്ന കായിക താരത്തെ തലേദിവസം നിർബന്ധിച്ച് ഫിറ്റ്നസ് ടെസ്റ്റിനിറക്കി പരിക്ക് സമ്മാനിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ.
തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ കൗൺസിലിന്റെ ഹോസ്റ്റലിൽ പരിശീലിക്കുന്ന വെയ‌്റ്റ്ലിഫ്‌റ്റിംഗ് താരം ദിൽജിത്തിനാണ് ദുരവസ്ഥയുണ്ടായത്. ബംഗാളിൽ നടക്കുന്ന ദേശീയ സീനിയർ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്ന ദിൽജിത്ത് അതിനായി തയ്യാറെടുത്തുവരവേയാണ് പെട്ടെന്ന് ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കാൻ കൗൺസിലിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത്. ഒന്നാംവർഷ ഹോസ്റ്റൽ ട്രെയിനികളിൽ മോശപ്പെട്ടവരെ പുറത്താക്കുന്നതിനായാണ് ഫിറ്റ്നസ് ടെസ്റ്റ് നടത്തിയത്. ദേശീയ മത്സരത്തിനായി തയ്യാറെടുത്തിരിക്കുകയാണെന്നും അതിന് മുമ്പ് ഒാട്ടം , ചാട്ടം തുടങ്ങിയ ടെസ്റ്റുകൾക്ക് ഇറങ്ങുന്നത് പരിക്കുണ്ടാക്കുമെന്ന് ദിൽജിത്തിന്റെ പരിശീലകൻ കൗൺസിൽ അധികൃതരെ അറിയിച്ചെങ്കിലും ടെസ്റ്റിന് ഇറങ്ങിയേ പറ്റൂ എന്ന് കൗൺസിൽ അധികൃതർ നിലപാടെടുത്തു.
ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയാലും കൗൺസിൽ ഹോസ്റ്റലിൽ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാൻ ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കണമെന്നായിരുന്നു ടെസ്റ്റിന് വന്ന ഹോസ്റ്റൽ സെലക്ടറുടെ നിലപാട്.ദേശീയ ചാമ്പ്യൻഷിപ്പിന്റെ കാര്യം സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെയും ടെക്നിക്കൽ ഒാഫീസറെയും അറിയിച്ചിട്ടും അനുകൂലമായി ഒരു നടപടിയുമുണ്ടായില്ലെന്ന് ദിൽജിത്ത് പറയുന്നു.
ഇതോടെ അവസാന നിമിഷം ടെസ്റ്റിനിറങ്ങിയ ദിൽജിത്തിന് പരിക്കുമേറ്റു. ഇതോടെ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. തന്റെ അവസ്ഥ ഇനിയൊരു കുട്ടിക്കുമുണ്ടാകരുതെന്നും കൗൺസിലിന്റെ ഫിറ്റ്നസ് ടെസ്റ്റുകൾ ശാസ്ത്രീയ അടിസ്ഥാനത്തിലാക്കണമെന്നും ആവശ്യപ്പെട്ട് കായിക മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ദിൽജിത്ത്. മന്ത്രി സ്പോർട്സ് കൗൺസിലിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.