ലണ്ടൻ : ഇംഗ്ളണ്ടിന്റെ യുവ പേസർ ജൊഫ്ര ആർച്ചർ ഇൗ സീസണിൽ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കില്ല. അടുത്തിടെയുണ്ടായ പരിക്കുകളുടെ ആഘാതം കുറയ്ക്കാനാണ് ആർച്ചർ ഐ.പി.എല്ലിൽ നിന്ന് ഒഴിവായത്. ശ്രീലങ്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽനിന്നും ആർച്ചർ ഒഴിവായിട്ടുണ്ട്. ഇനി ജൂണിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലേ ആർച്ചർ കളിക്കാനിടയുള്ളൂ.
എം.എസ്.കെ പ്രസാദ് പറയുന്നു
ഞാനൊരു ധോണി
ഫാൻ ; പക്ഷേ
ന്യൂഡൽഹി : മഹേന്ദ്രസിംഗ് ധോണിയെന്ന ക്രിക്കറ്റ് താരത്തിന്റെ കടുത്ത ആരാധകനാണ് താനെന്ന് സ്ഥാനമൊഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ്. എന്നാൽ സെലക്ഷന്റെ കാര്യം വരുമ്പോൾ തന്റെ ആരാധന മാറ്റിവച്ചാണ് തീരുമാനമെടുത്തിരുന്നതെന്നും പ്രസാദ് പറഞ്ഞു.
ഭാവിയിലേക്ക് നല്ലൊരു വിക്കറ്റ് കീപ്പർ വേണമെന്നതിനാലാണ് ഋഷഭ് പന്തിന് തുടർച്ചയായി അവസരം നൽകിയത്. ധോണി വിരമിക്കുന്ന കാര്യത്തിൽ അദ്ദേഹം തന്നെയാണ് ഉചിതമായ തീരുമാനമെടുക്കേണ്ടത്-പ്രസാദ് പറഞ്ഞു.
രണ്ടാം ഏകദിനം നാളെ
ഒാക്ലാൻഡ് : ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ഏകദന മത്സരം നാളെ ഒാക്ലാൻഡിൽ നടക്കും. ഹാമിൽട്ടണിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 347/4 എന്ന സ്കോർ ചേസ് ചെയ്ത് കിവീസ് നാലുവക്കറ്റിന് ജയിച്ചിരുന്നു. നാളെ ജയിച്ചാൽ കിവീസിന് മൂന്ന് മത്സര പരമ്പര സ്വന്തമാക്കാം. പരമ്പര കൈവിട്ടുപോകാതിരിക്കാൻ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ.
അണ്ടർ-19 ലോകകപ്പ്
ഇന്ത്യ -ബംഗ്ളാദേശ് ഫൈനൽ
പോഷഫ്സ് ട്രൂം : അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ബംഗ്ളാദേശ്. ഇന്നലെ നടന്ന സെമിഫൈനലിൽ ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ബംഗ്ളാദേശ് ഫൈനലിലെത്തിയത്. ഞായറാഴ്ചയാണ് ഫൈനൽ. സെമിയിൽ ഇന്ത്യ പത്ത് വിക്കറ്റിന് പാകിസ്ഥാനെയാണ് കീഴടക്കിയത്.
ഇന്ത്യൻ വനിതകൾ ഇന്ന്
വീണ്ടും ഇംഗ്ളണ്ടിനെതിരെ
മെൽബൺ : ആസ്ട്രേലിയയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ വനിതകൾ ഇന്ന് ഇംഗ്ളണ്ടിനെ നേരിടും. ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ച ഇന്ത്യ പിന്നീട് ആസ്ട്രേലിയയോട് തോറ്റിരുന്നു.
വത്സൻ ഗോവിന്ദിന് സെഞ്ച്വറി
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 23 കേണൽ സി .കെ. നായിഡു ട്രോഫി ചതുർദിന മത്സരത്തിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ക്യാപ്റ്റൻ വത്സൻ ഗോവിന്ദിന്റെ (121*)അപരാജിത സെഞ്ച്വറിയുടെ മികവിൽ ജമ്മു കാശ്മീരിനെതിരെ കേരളം ആദ്യ ഇന്നിംഗ്സിൽ 7 വിക്കറ്റിന് 296 റൺസ് എന്ന നിലയിലെത്തി.