fasil

തിരുവനന്തപുരം: കണ്ടാൽ ആള് ശുദ്ധൻ, പക്ഷേ, കണ്ടറിഞ്ഞാലോ കണ്ണ് തള്ളിപ്പോകും. മോഷണത്തിൽ ഡബിൾ സെഞ്ച്വറിയടിയച്ച ഫസിലുദ്ദീൻ എന്ന സെഞ്ച്വറി ഫസിലുദ്ദീനെ തിരുവനന്തപുരം വർക്കല പൊലീസ് പൊക്കിയപ്പോൾ ആദ്യം കണ്ണ് തള്ളിയത് പൊലീസ് തന്നെ. ഫസിലുദ്ദീൻ വെജിറ്റേറിയനാണ്, മദ്യപാനമില്ല. പക്ഷേ, ഒരു കുഴപ്പം മാത്രം. പരസ്ത്രീ ബന്ധത്തിനായി എത്രപണവും മുടക്കും. അതിനാണ് ഫസിലുദ്ദീൻ മോഷ്ടിക്കുന്നത്. ഇഷ്ടമുള്ള സ്ത്രീകൾക്കൊപ്പം കഴിയാൻ കവർച്ച പതിവാക്കുകയും മോഷണം നൂറ് തികയ്ക്കുകയും ചെയ്തപ്പോൾ പേരിനൊപ്പം സെഞ്ച്വറി കൂട്ടിച്ചേർത്തത് ഫസിലുദ്ദീൻ തന്നെ. മോഷണത്തിൽ ഡബിൾ സെഞ്ച്വറിയടിക്കവേയാണ് അകത്തായത്.

വർക്കല സി.ഐ ജി. ഗോപകുമാറും സംഘവും പിടികൂടിയ കഴക്കൂട്ടം മേനംകുളം പുത്തൻതോപ്പ് ചിറയ്ക്കൽ വീട്ടിൽ സെഞ്ച്വറി ഫസിലുദ്ദീനെ ചോദ്യം ചെയ്തതോടെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പത്തോളം സ്ഥലങ്ങളിൽ നടന്ന കവർച്ചകൾക്ക് തുമ്പായി.

പകൽ കച്ചവടം

വർഷങ്ങൾക്ക് മുമ്പ് ചെറിയ മോഷണങ്ങളിലൂടെയായിരുന്നു ഫസിലുദ്ദീന്റെ തുടക്കം. കവർച്ചയ്ക്ക് കൂട്ടാളികളോ മദ്യപാനമോ മറ്റ് കൂട്ടുകെട്ടുകളോ ഇല്ലാത്തതിനാലും ഫസിലുദ്ദീനിലെ മോഷ്ടാവിനെ വൈകിയാണ് നാട്ടുകാർ തിരിച്ചറിഞ്ഞത്. ആക്രി, പച്ചക്കറി, മത്സ്യക്കച്ചവടം എന്നിവയുടെ പേരിൽ പകൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വച്ച് രാത്രി കവർച്ച നടത്തുന്നതാണ് ഫസിലുദ്ദീന്റെ രീതി. കവർച്ചയ്ക്കായി വീടുപൊളിക്കാൻ ആയുധങ്ങളും കൊണ്ടു നടക്കാറില്ല. അയൽ വീടുകളിൽ നിന്നും മൺവെട്ടിയോ കുന്താലിപോലുള്ള ആയുധങ്ങളോ കൊണ്ടുവന്ന് കതകോ ജനാലയോ പൊളിച്ചാണ് കവർച്ച നടത്തുക. മോഷണം നടത്തിയാൽ ഉടനെ പുറത്തിറങ്ങുന്ന ശീലവുമില്ല. കവർച്ചയിൽ കാര്യമായി എന്തെങ്കിലും തടഞ്ഞാൽ പിന്നെ അന്ന് മോഷണമില്ല. തൊണ്ടിമുതലുമായി അവിടെ കിടന്നുറങ്ങും. പുലർച്ചെ ബാങ്ക് വിളിക്കുന്നതിന് തൊട്ട് മുമ്പ് ഉണർന്ന് പ്രാർത്ഥിച്ചശേഷമേ പുറത്തിറങ്ങൂ. പരിസരവാസികളാരും കണ്ടില്ലെന്ന് ഉറപ്പാക്കിയശേഷം റോഡിലിറങ്ങി കൂളായി നടന്നുപോകും.

തൊണ്ടിയുമായി വീട്ടിലെത്തിയാൽ പ്രാഥമിക കൃത്യങ്ങൾ നിറവേറ്റിയശേഷം കച്ചവടത്തിനെന്ന പേരിലിറങ്ങും.തൊണ്ടിയായുള്ള സ്വർണവും മറ്റും വീട്ടിലെ സ്ത്രീകളുടെ സഹായത്തോടെ വിറ്റഴിക്കും. കഴക്കൂട്ടത്ത് വർഷങ്ങൾക്ക് മുമ്പ് കവർച്ചക്കേസിൽ പിടിച്ചതാണ് ഫസിലുദ്ദീന്റെ ആദ്യകേസ്. തൊണ്ടി വിറ്റഴിച്ചതിന് ഭാര്യയും കേസിൽ പ്രതിയായി. ഇതോടെ ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപിരിഞ്ഞു. പരസ്ത്രീ ബന്ധത്തെതുടർന്ന് കുടുംബജീവിതം പരാജയമായ ഫസിലുദ്ദീൻ പിന്നീട് മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചെങ്കിലും അവരെല്ലാം പലപ്പോഴായി മൊഴിചൊല്ലി. ഇതോടെ തനിച്ചായി. സഹോദരിയായ കണിയാപുരം ചിറയ്ക്കൽ ആറ്റരികത്ത് വീട്ടിൽ ഷാഹിദ(55), ബന്ധു അസീല (32) എന്നിവരുടെ കൂടെയായിരുന്നു ഫസിലുദ്ദീൻ കഴിഞ്ഞുവന്നത്. മോഷണത്തിനുശേഷം ഇവരുടെ വീട്ടിലെത്തുന്ന ഫസിലുദ്ദീൻ ഇവരുടെ സഹായത്തോടെയാണ് കവർച്ചാ മുതലുകൾ വിറ്റഴിച്ചിരുന്നത്.

നൂറ് പവൻ

അടുത്തിടെ നടന്ന പത്തോളം മോഷണക്കേസുകളിൽ തൊണ്ടിയായി ലഭിച്ച നൂറ് പവനോളം സ്വർണമാണ് ഇവർ മുഖാന്തിരം വിറ്റഴിച്ചത്. ഇതിൽ നിന്ന് കിട്ടിയ പണത്തിന്റെ ഒരുഭാഗം ഷാഹിദയ്ക്കും അസീലയ്ക്കും നൽകി. രണ്ട് മാസം മുമ്പ് വർക്കലയിലെ കവർച്ച നടന്ന വീട്ടിൽ കുന്താലിക്ക് കതകിൽ കിളച്ചതു മാതിരിയുള്ള അടയാളങ്ങൾ കണ്ടെത്തിയതാണ് ഫസിലുദ്ദീനിലേക്ക് സംശയത്തിന്റെ മുന നീണ്ടത്. ഇവിടെ നിന്ന് ഫസിലുദ്ദീന്റെ വിരലടയാളം കൂടി കിട്ടിയതോടെ മോഷ്ടാവാരെന്ന് പൊലീസിന് വ്യക്തമായി. ഇയാൾക്കുവേണ്ടി തെരച്ചിൽ ആരംഭിച്ച പൊലീസ് കണിയാപുരത്തെ ഷാഹിദയുടെ വീട്ടിൽ നിന്നാണ് ഫസിലുദ്ദീനെ പിടികൂടിയത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില ജുവലറികളിൽ വിറ്റഴിച്ച തൊണ്ടിമുതലുകളിൽ കുറച്ച് ഭാഗം പൊലീസ് കണ്ടെടുത്തു. ശേഷിക്കുന്നവ കണ്ടെത്താനും കൂടുതൽ ചോദ്യം ചെയ്യാനുമായി പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും. ആറ്റിങ്ങൽ ഡിവൈ. എസ്.പി പി.വി ബേബിയുടെ നേതൃത്വത്തിൽ സി.ഐയെ കൂടാതെ എസ്.ഐ ശ്യാം, പ്രൊബേഷൻ എസ്.ഐ പ്രവീൺ, ജി.എസ്.ഐ മാരായ ഷാബു, സുനിൽ, എ.എസ്.ഐ നവാസ്, വനിതാ പൊലീസുകാരായ ബിന്ദു, മായാലക്ഷ്മി എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.