തിരുവനന്തപുരം: ഭൂമിയുടെ ന്യായവില ബഡ്ജറ്റിൽ 10 ശതമാനം വർദ്ധിപ്പിച്ചു. ഇതിലൂടെ 200 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഭൂമി കൈമാറ്റം നടത്തുമ്പോൾ ന്യായവിലയെ അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഈടാക്കുന്നത്.
വൻകിട പ്രോജക്ടുകൾക്കു സമീപം നോട്ടിഫൈ ചെയ്യുന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയെക്കാൾ മുപ്പതു ശതമാനം വരെ പുതുക്കി നിശ്ചയിക്കും. 50 കോടി രൂപയുടെ അധികവരുമാനം ഇതിലൂടെ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
ഭൂമി കൈമാറ്രം നടത്തുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും കുറയ്ക്കാനായി വില കുറച്ചു കാണിക്കുന്നത് പതിവാണ്. തുടർന്നായിരുന്നു വിപണി വിലയുടെ പകുതി കണക്കാക്കിയും റോഡിനോടുള്ള സാമീപ്യം തുടങ്ങിയവ പരിഗണിച്ചും 2010ൽ ന്യായവില നിശ്ചയിച്ചത്. അപൂർവം ചില സ്ഥലങ്ങളിൽ ന്യായവില കൂടുതലാണെന്ന ആരോപണമുണ്ടെങ്കിലും പൊതുവെ വിപണിവിലയെക്കാൾ ന്യായവില വളരെയേറെ കുറവാണ്.
10 വർഷത്തിനിടെ ഇരട്ടി
2014ൽ ന്യായവില ഒറ്റയടിക്ക് 50 ശതമാനം വർദ്ധിപ്പിച്ചിരുന്നു. തുടർന്ന് രണ്ടു വർഷം ഇടവിട്ട് പത്ത് ശതമാനം വീതം കൂട്ടി. ഇപ്പോഴും പത്ത് ശതമാനം കൂട്ടിയതോടെ 2010ൽ നിശ്ചയിച്ച വിലയുടെ ഇരട്ടിയായിക്കഴിഞ്ഞു.
ലൊക്കേഷൻ മാപ്പിന് ഫീസ് 200 രൂപയായി വർദ്ധിപ്പിച്ചു
തണ്ടപ്പേർ പകർപ്പിന് ഫീസ് 100 രൂപയാക്കി