കൊച്ചി: മൊത്തം 13,000 കോടി രൂപയുടെ വാറ്ര് കുടിശിക സർക്കാരിന് കിട്ടാനുണ്ട്. ഇത് പിരിച്ചെടുക്കാനായി പുതിയ ആംനെസ്‌റ്രി സ്‌കീം ധനമന്ത്രി ബഡ്‌ജറ്രിൽ പ്രഖ്യാപിച്ചു. നികുതിയിന്മേലുള്ള മുഴുവൻ പലിശയും പിഴയും ഒഴിവാക്കി. തർക്കത്തിലുള്ള നികുതിയുടെ 50 ശതമാനം അടച്ചാൽ മതി. അപ്പീലിൽ ഉൾപ്പെട്ടിട്ടുള്ള കുടിശികകൾക്കും ഇതു ബാധകമാണ്.
ആംനെസ്‌റ്രി സ്‌കീമിൽ താത്പര്യമുള്ളവർ ഈവർഷം ജൂലായ് 31നകം അപേക്ഷിക്കണം.
ആംനെസ്‌റ്രി ഉത്തരവ് ലഭിച്ച്, 30 നാൾക്കകം കുടിശിക വീട്ടുന്നവർക്ക് 10% റിബേറ്ര്
തവണവ്യവസ്ഥ സ്വീകരിക്കുന്നവർ തുകയുടെ 20%, 30 ദിവസത്തിനകം അടയ്ക്കണം.
ബാക്കി തുക ഡിസംബർ 31നകം നാല് ഗഡുക്കളായി അടയ്ക്കണം.
മൂല്യ വർധിത നികുതി നിയമപ്രകാരം റിട്ടേൺ റിവൈസ് ചെയ്യുന്നതിനുള്ള സമയപരിധി 2019 സെപ്തംബർ 30 വരെയായിരുന്നു. അത്, 2020 ഡിസംബർ 31വരെ നീട്ടി. കെ.ജി.എസ്.ടി നിയമത്തിന് കീഴിലുള്ള കുടിശികയ്ക്ക് പ്രഖ്യാപിച്ച ആംനെസ്റ്റി ഈ വർഷവും തുടരും. കഴിഞ്ഞ ബഡ്‌ജറ്റിൽ 5 ലക്ഷംരൂപവരെ വിറ്റുവരവുള്ള വ്യാപാരികളുടെ നികുതി നിർണയങ്ങൾ നിബന്ധനകൾക്ക് വിധേയമായി പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. ഈ ആനുകൂല്യം 10 ലക്ഷംരൂപവരെ വിറ്റുവരവുള്ള വ്യാപാരികൾക്കും ബാധകമാക്കും.
വാറ്ര് കുടിശിക
ആകെ കിട്ടേണ്ടത് : ₹13,000 കോടി
റെവന്യൂ റിക്കവറിയിലൂടെ കിട്ടേണ്ടത് : ₹400 കോടി
വ്യാപാരം നിറുത്തിയവരും ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കാത്തവരും നൽകേണ്ടത് : ₹5,000 കോടി
കോടതിയിലും അപ്പീലിലും ഉള്ളത് : ₹4,500 കോടി
ബാക്കി : ₹3,100 കോടി
കോടതിയിലേക്ക്
തർക്കമൊഴുകും
അനുമാന നികുതി കണക്കാക്കിയാണ്, സർക്കാർ വാറ്ര് കുടിശിക നിശ്‌ചയിച്ചിരിക്കുന്നത്. ഇതാണ്, തർക്കത്തിന് കാരണം. ഒരു കടയിൽ നിന്ന് ബില്ലിൽപ്പെടാത്തതായി കണ്ടെത്തിയ തുകയുടെ പതിന്മടങ്ങും അതിന്റെ പലിശയും പിഴയും പിഴപ്പലിശയും ഈടാക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരിക്ക് നോട്ടീസ് നൽകുന്നത്. പുതിയ ആംനെസ്‌റ്രിയിൽ കുടിശികയുടെ പകുതി അടച്ചാൽ മതിയെന്ന് പറയുന്നുണ്ടെങ്കിലും ഇതും സ്വീകാര്യമല്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യഥാർത്ഥ തുകയുടെ നികുതി കുടിശിക മാത്രം ഈടാക്കിയാൽ മതിയെന്നാണ് വ്യാപാരികളുടെ ആവശ്യം.