health

ഒരിക്കൽ സി.ഒ.പി.ഡി തുടങ്ങിക്കഴിഞ്ഞാൽ രോഗാവസ്ഥ ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കും. ശ്വാസകോശത്തിന്റെ ശക്‌തി കുറഞ്ഞുകൊണ്ടിരിക്കും. ക്രോണിക് ബ്രോങ്കൈറ്റിസ് എന്ന വിഭാഗം സി.ഒ.പി.ഡിയിൽ രോഗനാളികളിലുണ്ടാകുന്ന തടസം, പ്രധാനമായും സ്ളേഷ്‌മസ്രവം ഉണ്ടാക്കുന്ന ഗ്രന്ഥികളുടെ അമിതവളർച്ചയും അമിത സ്ളേഷ്‌മസ്രവ ഉദ്പാദനവുമാണ്. എന്നാൽ എംഫൈസിമ എന്നതരം സി.ഒ.പി.ഡിയിൽ ശ്വാസകോശഭിത്തികളിലുണ്ടാകുന്ന തകർച്ചമൂലം ശരിയായ വാതകവ്യാപനം നടക്കാത്തതുമാണ്. രോഗം ക്രമേണ അധികരിക്കുന്നതോടൊപ്പം രക്‌തക്കുഴലുകളെ ബാധിച്ച് ഹൃദയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ച് ഹൃദയപരാജയം എന്ന അവസ്ഥയിൽ എത്തി മരണം സംഭവിക്കാം. സി.ഒ.പി.ഡി രോഗികളിൽ അണുബാധയുണ്ടാകുമ്പോൾ ഉണ്ടായ ശ്വാസപരാജയമാണ് മറ്റൊരു പ്രധാനമരണകാരണം. ശ്വാസകോശത്തിന് ആവശ്യമായ ഓക്‌സിജൻ രക്‌തത്തിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണിത്.

ലക്ഷണങ്ങൾ

സി.ഒ.പി.ഡിയുടെ ലക്ഷണങ്ങൾ ആസ്‌ത്മ, ബ്രോങ്കിയോളൈറ്റിസ്, ബ്രോങ്കൈറ്റേസിസ്, ലംഗ് കാൻസർ ഇത്തരം രോഗങ്ങൾ മൂലമല്ല ലക്ഷണം എന്ന് ഉറപ്പ് വരുത്തണം. സ്ഥായിയായ ശ്വാസംമുട്ടൽ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം വർഷങ്ങളായുള്ള ചുമയാണ്. മഴക്കാലങ്ങളിൽ വർദ്ധിക്കുകയും രാവിലെ കൂടുകയും ചെയ്യുക ഇതിന്റെ ആദ്യകാലങ്ങളിലെ പ്രത്യേകതയാണ്. ക്രമേണ ചുമ ദിവസം മുഴുവൻ നിലനിൽക്കുകയും ചെയ്യാം. ഇതിനോടനുബന്ധിച്ചുള്ള കഫം വെള്ളയോ കൂടുന്ന അവസരങ്ങളിൽ മഞ്ഞയോ ആകാം. ചുമ അധികരിച്ച് ബോധം നഷ്‌ടപ്പെടുന്ന അവസ്ഥവരെയുണ്ടാകാം. ശ്വാസംമുട്ടലാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷണം. ക്രമേണ അനുഭവപ്പെടുന്ന ശ്വാസംമുട്ടൽ കാലത്ത് ശാരീരിക അദ്ധ്വാനം ചെയ്യുമ്പോൾ മാത്രമാണ് അനുഭവപ്പെടുന്നത്. കഫം കൂടുമ്പോൾ അധികരിച്ചുവരുന്ന ശ്വാസംമുട്ടൽ ചിലപ്പോൾ ഹൃദയ പരാജയ അവസ്ഥയിലേക്ക് നയിക്കപ്പെടാം . കഫം ഇല്ലാത്ത ശ്വാസംമുട്ടൽ അധികരിച്ച് ഹൃദയപരാജയ അവസ്ഥയിലേക്ക് നയിക്കുന്ന വിഭാഗം (emphysema pink puffer type) ഉണ്ടാകാം. കുറുങ്ങൽ,​ നെഞ്ചുവേദന,​ കാൽവണ്ണയിലെ നീര്,​ വിശപ്പില്ലായ്മയും ഭാരം കുറയലും,​ പേശി ശോഷിപ്പ്,​ ക്ഷീണം,​ ഡിപ്രഷൻ എന്നീ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകും.

തുടർച്ചയായ മഞ്ഞനിറമുള്ള കഫം,​ രക്തം കലർന്ന കഫം,​ മഞ്ഞുകാലത്തും വേനൽക്കാലത്തും വർദ്ധിക്കുന്ന രോഗം,​ കുറുങ്ങലോ കഫമോ ഇല്ലാത്ത ശ്വാസം മുട്ടൽ എന്നിവ സി.ഒ.പി.ഡി അല്ലാത്ത മറ്റ് രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.