തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം, സാമ്പത്തികമാന്ദ്യം, സംസ്ഥാനത്തോടുള്ള വിവേചനം എന്നിവ ഉയർത്തിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ചൊരിഞ്ഞ് ധനമന്ത്രി തോമസ് ഐസക്കിന്റെ ബഡ്ജറ്റ് പ്രസംഗം. രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നതെന്ന മുഖവുരയോടെയാണ് തുടക്കം. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അധികാരത്തർക്കമല്ലെന്നും, വ്യക്തമായ രാഷ്ട്രീയമാണെന്നും ഐസക് പിന്നീട് വാർത്താസമ്മേളനത്തിലും വ്യക്തമാക്കി.
'വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന കേന്ദ്ര ഭരണാധികാരികൾ. അക്രമവും ഹിംസയുമാണ് കർമ്മമെന്ന് വിശ്വസിക്കുന്ന അണികൾ. വർഗീയവത്കരണത്തിന് പൂർണമായി കീഴ്പ്പെട്ട ഭരണസംവിധാനം. ഇതാണ് ഇന്നത്തെ ഇന്ത്യ. രാജ്യം നിലനില്പ് ഭീഷണി നേരിടുമ്പോൾ കേരളം ഒരുമയുടെ പുതിയ മാതൃക സൃഷ്ടിക്കണം. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് എൽ.ഡി.എഫും യു.ഡി.എഫും പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്തസമരം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ സമരപ്പന്തലിൽ സത്യാഗ്രഹമിരുന്നത് രാജ്യത്തിനാകെ ആവേശം പകർന്നു. വർഗീയ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. സുപ്രീംകോടതിയിൽ കേന്ദ്രത്തിനെതിരെ കേസ് നൽകിയപ്പോഴും നാം ഒറ്റക്കെട്ടായിരുന്നു. കേരളത്തിൽ രൂപപ്പെട്ട ഈ ഒരുമയെ വിസ്മയത്തോടെയാണ് ഇതര സംസ്ഥാനങ്ങൾ വീക്ഷിച്ചതെന്ന് പറയാൻ അഭിമാനമുണ്ട്'- പ്രസംഗത്തിൽ പറയുന്നു.
നാടിനെ ഗ്രസിക്കുന്ന സാമ്പത്തികത്തകർച്ചയും ജനങ്ങളനുഭവിക്കുന്ന ദുരിതവുമല്ല ഭരണാധികാരികളുടെ പ്രശ്നം, പൗരത്വനിയമമാണ്. സാമ്പത്തികത്തകർച്ചയിലേക്ക് ഇന്ത്യൻ സമ്പദ്ഘടന നീങ്ങുന്നു. തൊഴിലില്ലായ്മ സർവകാല റെക്കാഡിലാണ്. ഭക്ഷ്യവിലക്കയറ്റം 14 ശതമാനത്തിലെത്തി. ജനജീവിതം ദുരിതപൂർണമായി. ഇത്തരമൊരു സാഹചര്യത്തെ 2009ൽ ഇന്ത്യയുൾപ്പെടെ ലോകരാഷ്ട്രങ്ങൾ മറികടന്നത് സർക്കാർ ചെലവുകൾ ഉയർത്തി ഡിമാൻഡ് വർദ്ധിപ്പിച്ചാണ്. എന്നാലിപ്പോഴത്തെ നിലപാട് നേർവിപരീതമാണ്. മാന്ദ്യം മൂലം നികുതി വരുമാനം കുറഞ്ഞതിനാൽ ചെലവ് ചുരുക്കണമെന്നാണ് കേന്ദ്രസമീപനം. കോർപറേറ്റുകൾക്ക് വലിയതോതിൽ നികുതിയിളവുകൾ നൽകുമ്പോൾ തൊഴിലാളിവിരുദ്ധ പരിഷ്കാരങ്ങളും സ്വകാര്യവത്കരണവും ശക്തിപ്പെടുത്തുന്നു.
എല്ലാ മേഖലയിലും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയാണ്. ജി.എസ്.ടിയും ധന ഉത്തരവാദിത്വനിയമവും പതിനഞ്ചാം ധനകാര്യകമ്മിഷനും സംസ്ഥാനങ്ങളുടെ ധനപരമായ സ്വാതന്ത്ര്യത്തെ പൂർണമായും കവർന്ന മട്ടാണ്. ഡിസംബറിലെ ജി.എസ്.ടി നഷ്ടപരിഹാരം നൽകിയിട്ടില്ല. ഫെബ്രുവരിയിൽ കുടിശ്ശിക 3000 കോടി കടക്കും. കേന്ദ്ര നികുതി വിഹിതമായി കഴിഞ്ഞവർഷം അവസാന മൂന്ന് മാസം 6866 കോടി കിട്ടിയത് ഈ വർഷം 4524 കോടിയായി കുറയുമെന്നും സൂചനയുണ്ട്. അങ്ങനെ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി മാത്രം കേന്ദ്രത്തിൽ നിന്നുള്ള വായ്പയടക്കമുള്ള മൊത്തം ധനസഹായത്തിൽ 8330 കോടിയുടെ കുറവാണ് വരുന്നത്. ഇത് സംസ്ഥാന ഖജനാവിന് മേൽ ഒരു കാലത്തുമില്ലാത്ത ഞെരുക്കമാണ് സൃഷ്ടിച്ചിട്ടുള്ളത്.
2019ലെ പ്രളയ ദുരിതാശ്വാസ സഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി. പുനർനിർമ്മാണത്തിനുള്ള വിദേശ വായ്പകൾ സാധാരണഗതിയിലുള്ള വായ്പാപരിധിക്ക് പുറത്തായി പരിഗണിക്കാമെന്ന് ജി.എസ്.ടി കൗൺസിലിൽ നൽകിയ വാഗ്ദാനത്തിൽ നിന്ന് കേന്ദ്രം പിൻവലിഞ്ഞുവെന്നും ഐസക് കുറ്റപ്പെടുത്തി.