kulathoor

നെയ്യാറ്റിൻകര : കാൽനൂറ്റാണ്ടിനു ശേഷം പഴയ സഹപാഠികൾ ഒത്തുചേർന്നപ്പോൾ വർത്തമാനങ്ങളിൽ നിറഞ്ഞത് വിദ്യാലയ സ്മൃതികൾ. സർവീസിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന മുൻകാല അദ്ധ്യാപകരുടെ മുന്നിൽ ഈ ചങ്ങാതിക്കൂട്ടം ഇന്നലെകളിലെ അതേ വിദ്യാർത്ഥികളായി അനുസരണയോടെ നിന്നു. കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിലെ 1994 ലെ ടി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികളും അവരുടെ അദ്ധ്യാപകരുമാണ് കഴിഞ്ഞ ദിവസം സ്കൂളിൽ ഒത്തുകൂടിയത്. കോഴ്സ് പൂർത്തിയാക്കി പല കർമമേഖലകളിൽ വ്യാപൃതരായിരിക്കുന്ന പഴയ കൂട്ടുകാരെ കണ്ടുപിടിക്കാൻ അത്ര എളുപ്പമായിരുന്നില്ല. വിരലിലെണ്ണാവുന്നവർ ചേർന്ന് ആരംഭിച്ച പ്രയത്നം ഏറെക്കുറെ സഫലമായി. അതോടൊപ്പം വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. വിശേഷങ്ങൾ കൈമാറി. അങ്ങനെയാണ് ഒരു വട്ടം കൂടി പഴയ വിദ്യാർത്ഥികളായി മാതൃവിദ്യാലയത്തിൽ ഒരുമിച്ച് കൂടാമെന്ന തീരുമാനത്തിലെത്തിയത്. ഓർമ്മച്ചെപ്പ് എന്ന ചടങ്ങിൽ തങ്ങളുടെ അദ്ധ്യാപകരുടെ സാന്നിധ്യം കൂടിയായപ്പോൾ സന്തോഷത്തിന്റെ തിളക്കം വർധിച്ചു. അദ്ധ്യാപകർ തന്നെയാണ് ചടങ്ങിന് ഭദ്രദീപം തെളിച്ചത്. വിദ്യാർത്ഥികൾ പൊന്നാട ചാർത്തിയും സ്‌നേഹോപഹാരങ്ങൾ സമ്മാനിച്ചും തങ്ങളുടെ ആദരം പ്രകടിപ്പിച്ചു.